ന്യൂഡൽഹി: 2024-നെ വരവേൽക്കാൻ ലോകം ഒരുങ്ങികഴിഞ്ഞു.പുത്തൻ പ്രതീക്ഷകളും പ്രതിജ്ഞകളുമാണ് ഓരോ പുതുവർഷത്തെയും വ്യത്യസ്തമാക്കുന്നത്.ഇത്തരത്തിൽ പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ കാത്തിരിക്കുന്നവർ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...
പിഴപ്പലിശയ്ക്കു പകരം പിഴത്തുക
ജനുവരി 1 മുതൽ ഉപഭോക്താക്കൾ എടുക്കുന്ന വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ സാധാരണ പിഴപ്പലിശയാണ് നൽകാറുള്ളത്. എന്നാൽ ഇനിമുതൽ അത് നടക്കില്ല. പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കൂ. നിലവിലുള്ള വായ്പകൾക്ക് ജൂണിനകം ഇത് ബാധകമാകും.
ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല. തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ ചുമത്തുന്നത്.അതിനാൽ ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. പല സ്ഥാപനങ്ങളും വ്യത്യസ്ത രീതിയിലാണ് ഇത് കണക്കാക്കുന്നത്. ഇനി മുതൽ പലിശയ്ക്കുമേൽ ചുമത്തുന്ന പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല. ചുരുക്കത്തിൽ തിരിച്ചടവ് തുക പരിധിവിട്ട് പെരുകില്ല. വായ്പകളുടെ പലിശയിലേക്ക് ഒരു തരത്തിലുള്ള ചാർജും ലയിപ്പിക്കാനാവില്ല.
വായ്പ: ബാങ്കുകൾ അനുമതി തേടണം
പലിശ കൂടുമ്പോൾ വായ്പയുടെ കാലാവധിയോ തിരിച്ചടവോ (ഇഎംഐ) വർധിപ്പിക്കണമെങ്കിൽ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ ധനകാര്യസ്ഥാപനങ്ങൾ പാലിച്ചിരിക്കണം. പലിശനിരക്ക് കൂടുമ്പോൾ ഇഎംഐ ആണോ കാലാവധിയാണോ വർധിപ്പിക്കേണ്ടതെന്നു വായ്പയെടുത്തവർക്ക് തിരഞ്ഞെടുക്കാം. പലിശനിരക്ക് മാറിക്കൊണ്ടിരിക്കുന്ന വായ്പയെ (ഫ്ലോട്ടിങ്) സ്ഥിരപലിശയിലേക്ക് (ഫിക്സ്ഡ് റേറ്റ്) എപ്പോൾ വേണമെങ്കിലും മാറ്റാൻ സൗകര്യമുണ്ടാകും.
ഉപയോഗിക്കാത്ത യുപിഐ ഐഡികൾക്ക് വിലക്ക്
ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ജനുവരി മുതൽ പണം സ്വീകരിക്കാൻ താൽക്കാലിക വിലക്കു നേരിട്ടേക്കാം. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഉത്തരവ്. ജനുവരി മുതൽ ഇക്കാരണത്താൽ പണം സ്വീകരിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവർ അതത് യുപിഐ ആപ്പിൽ വീണ്ടും റജിസ്റ്റർ ചെയ്യണം.
ഡിമാറ്റ്, മ്യൂച്വൽ ഫണ്ട് നോമിനി അപ്ഡേഷൻ: ജൂൺ 30 വരെ നീട്ടി
ഓഹരി നിക്ഷേപത്തിനായുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി ഓഹരി വിപണി നിയന്ത്രണ ഏജൻസി (സെബി) 2024 ജൂൺ 30 വരെ നീട്ടി. ഡിസംബർ 31ന് അവസാനിക്കാനിരുന്ന സമയപരിധിയാണ് നീട്ടിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ ജൂൺ 30ന് ശേഷം മരവിപ്പിക്കും.
ബാങ്ക് ലോക്കർ കരാർ
ബാങ്കുകളിൽ ലോക്കറുകൾ കൈവശം വച്ചിരിക്കുന്നവർ 2023 ഡിസംബർ 31-നകം പുതുക്കിയ കരാറിൽ ഒപ്പിടണം.അങ്ങനം ചെയ്യാത്തപക്ഷം ഉപഭോക്താക്കളുടെ ലോക്കറുകൾ മരവിപ്പിക്കും.
പോളിസി വിവരങ്ങൾ ലളിതമാകും
ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) ലളിതമാകും. ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് നൽകുന്നത്. പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, എന്തിനൊക്കെ ലഭിക്കില്ല, വെയ്റ്റിങ് പീരിയഡ് ക്ലെയിം വ്യവസ്ഥകൾ അടക്കം വിശദീകരിക്കുന്ന രേഖയാണിത്. ഷീറ്റ് പ്രാദേശിക ഭാഷയിൽ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാനുള്ള ചുമതലയും ഇൻഷുറൻസ് കമ്പനിക്കുണ്ടാകും.
ഏകീകൃത റിപ്പോർട്ടിങ്
ഓഹരി നിക്ഷേപകൻ മരിച്ചാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഓഹരികൾ നോമിനിക്കു കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണിത്. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, കുടുംബാംഗങ്ങൾ തുടങ്ങിയവർക്കു മരണം റിപ്പോർട്ട് ചെയ്യാം. മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമർപ്പിക്കണം. ഇതിന്റെ പരിശോധന കഴിഞ്ഞാലുടൻ അക്കൗണ്ടിലെ ഇടപാടുകൾ ബ്ലോക് ചെയ്യും.
ഓൺലൈൻ തട്ടിപ്പിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാൻ പുതിയ നിയമം
ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗം വർധിച്ചതിനാൽ, ഓൺലൈൻ തട്ടിപ്പുകളും ഉയരുകയാണ്. ഈ പ്രശ്‌നങ്ങൾ തടയാൻ സർക്കാർ നിർണായകമായ തീരുമാനങ്ങൾ സ്വീകരിക്കും.
സിം എടുക്കാൻ ഫോം പൂരിപ്പിക്കേണ്ട
ഇനി മുതൽ സിം എടുക്കാൻ ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല. മൊബൈൽ സിം എടുക്കുന്നതിനുള്ള പേപ്പർ അധിഷ്ഠിത തിരിച്ചറിയൽ പ്രക്രിയ ജനുവരി 1 മുതൽ ടെലികോം മന്ത്രാലയം അവസാനിപ്പിക്കും. ഫോം പൂരിപ്പിക്കുക, ഫോട്ടോ പതിപ്പിക്കുക തുടങ്ങിയ നടപടികൾക്ക് പകരം ഇനി ഡിജിറ്റലായി വിവരങ്ങൾ തേടാം.
വ്യാജ സിമ്മുകൾ വാങ്ങുന്നവർക്ക് പിടിവീഴും
പുതിയ ടെലികമ്മ്യൂണിക്കേഷൻ ബിൽ അനുസരിച്ച്, വ്യാജ സിം കാർഡുകൾ വാങ്ങുന്ന വ്യക്തികൾ ഇനി ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. 3 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ഇത്തരകാർക്കു ലഭിക്കുന്ന ശിക്ഷ.
വാഹനവില കൂടും
ജനുവരി 1 മുതൽ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹോണ്ട, ഹ്യുണ്ടായ് നിസാൻ, ഫോക്സ്‌വാഗൻ, സ്കോഡ, എംജി മോട്ടോഴ്സ്, ഔഡി, മെഴ്സിഡീസ് ബെൻസ് അടക്കം മിക്ക കമ്പനികളും അവരുടെ ചിലയിനം വാഹനങ്ങളുടെ വില കൂട്ടൂമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിലവർധന.
ആധാർ കാർഡ്
ആധാർ കാർഡിൽ അവരുടെ വിശദാംശങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് 2024 ഡിസംബർ 31 വരെ സമയം അനുവദിക്കും. കാലാവധിയക്ക ശേഷം, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് 50 രൂപ ഈടാക്കും.