ചെന്നൈ: ക്ഷേത്രങ്ങളിൽ വഴിപാടായിക്കിട്ടിയ സ്വർണം ഉരുക്കി ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലൂടെ തമിഴ്‌നാട് സർക്കാർ ലക്ഷ്യമിടുന്നത് പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം. നിലവിൽ ഒരു വർഷം ആറുകോടി രൂപ ലഭിക്കുന്നുണ്ടെന്നും അധികം വൈകാതെ അത് 25 കോടിയായി ഉയരുമെന്നും ദേവസ്വംമന്ത്രി പി.കെ. ശേഖർബാബു നിയമസഭയിൽ പറഞ്ഞു.
2006 മുതൽ 2010 വരെ കരുണാനിധിയുടെ ഭരണത്തിൽ, ക്ഷേത്രങ്ങളിൽ വഴിപാടായി വന്നതും ഉപയോഗത്തിലില്ലാത്തതുമായ ആഭരണങ്ങൾ ഉരുക്കി ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.എന്നാൽ പിന്നീട് ഇത് മുടങ്ങി.തുടർന്ന് മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം 2021-ലാണ് പുനരാരംഭിച്ചത്.
38,000 ക്ഷേത്രങ്ങളിലായുള്ള 2137 കിലോ സ്വർണം മുംബൈയിലെ ഗവൺമെന്റ് മിന്റിൽ കൊണ്ടുപോയി ഉരുക്കി ദേശസാത്‌കൃത ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ സ്വർണത്തിന് 1000 കോടി രൂപയിലേറെ വില മതിക്കും. ദീർഘകാല സ്വർണനിക്ഷപത്തിന് 2.5 ശതമാനംവരെ പലിശയുണ്ട്. ഇങ്ങനെ കിട്ടുന്ന പണം ക്ഷേത്രങ്ങളുടെ നവീകരണത്തിനുവേണ്ടി ഉപയോഗിക്കും.
അഞ്ച് ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ സ്വർണാഭരണങ്ങൾ ഉരുക്കി ഡിഎംകെ അധികാരത്തിലെത്തിയ ശേഷം 191.65 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചത്. ഇതിൽ നിന്ന് 4.31 കോടി രൂപയാണ് സംസ്ഥാനത്തിന് പലിശയായി ലഭിക്കുന്നത്.ഇനി 10 ക്ഷേത്രങ്ങളിലെ 156 കിലോഗ്രാം സ്വർണം ഉരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ 6 കോടി രൂപയും വർഷം ലഭിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം 25 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഭക്തർ വഴിപാടായി നൽകിയതും പത്തുവർഷമെങ്കിലുമായി ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്വർണമാണ് ഉരുക്കി സ്വർണക്കട്ടികളാക്കി ബാങ്കിൽ നിക്ഷേപിക്കുന്നത്.അതെസമയം വിഗ്രഹങ്ങളിൽ അണിയിക്കുന്ന സ്വർണം എടുക്കില്ല. സുപ്രീംകോടതിയിൽനിന്നും ഹൈക്കോടതിയിൽനിന്നും വിരമിച്ച ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
1977-ലാണ് തമിഴ്‌നാട് ഈ പദ്ധതി ആദ്യമായി കൊണ്ടുവന്നത്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം സ്റ്റാലിൻ സർക്കാർ പദ്ധതി പുനരുജ്ജീവിപ്പിച്ചപ്പോൾ ചില സംഘടനകൾ എതിർപ്പുയർത്തുകയും കോടതിയിൽ പോവുകയും ചെയ്തിരുന്നു. എങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി.