മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; തമിഴ്നാടും കേരളവും അയല്‍പക്ക സ്നേഹം മറന്നുപോവരുത്-മന്ത്രി റോഷി അഗസ്റ്റിന്‍

തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

author-image
Web Desk
New Update
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; തമിഴ്നാടും കേരളവും അയല്‍പക്ക സ്നേഹം മറന്നുപോവരുത്-മന്ത്രി റോഷി അഗസ്റ്റിന്‍

ന്യൂഡല്‍ഹി: തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്നാടും കേരളവും അയല്‍പക്ക സ്നേഹം മറന്നുപോവേണ്ട സംസ്ഥാനങ്ങളല്ലെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കി ഇരുസംസ്ഥാനങ്ങളും ആലോചിച്ച് നല്ല നിലയില്‍ ഈ വിഷയം പരിഹരിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയും പുതിയ ഡാം ഉണ്ടാവണമെന്ന നിലപാടാണ് നിയമസഭയില്‍ പറഞ്ഞത്. പുതിയ ഡാമിന്റെ ഡിസൈനും പാരിസ്ഥിതിക ആഘാത പഠനവും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിക്കപ്പെട്ടതാണ്. 2023 ഡിസംബര്‍ എട്ടിന് സുപ്രീംകോടതിയില്‍ ഇങ്ങനെ ഒരു ആവശ്യം വീണ്ടും കേരളം ഉന്നയിച്ചു. ലിബിയയില്‍ ഡാം തകര്‍ന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പഴക്കം ചെന്ന ഡാമുകളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് ആധാരമായ വിഷയം.

2022 ഏപ്രില്‍ എട്ടിന് സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ രണ്ട് ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ കേരളം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച് അഞ്ചംഗ സമിതി നിലവില്‍ വന്നു. ആ ഘട്ടത്തില്‍ സുരക്ഷയെ സംബന്ധിച്ച പുതിയ പഠനം നടത്താന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. എന്നാല്‍, പുതിയ പഠനം വേണമെന്ന 2022 മുതലുള്ള ആവശ്യത്തിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ സാധിച്ചില്ല. ഈ അവസരത്തിലാണ് ഈ വാര്‍ത്തയും ആശങ്കയും സുപ്രീംകോടതിയെ അറിയിച്ചത്.

ഈ പശ്ചാത്തലത്തിലാണ് 2023 ഡിസംബര്‍ 19ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, സുരക്ഷാ അവലോകനം നടത്തുന്നതിനായുള്ള ടേംസ് ഓഫ് റഫറന്‍സ് അന്തിമമാക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടത്. പീന്നീടാണ് 2024 ജനുവരി ഒമ്പതിന് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്ത് തമിഴ്നാട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുപ്രീം കോടതിയും സൂപ്പര്‍വൈസറി കമ്മിറ്റിയും നിര്‍ദേശിച്ച ഡാമിന്റെ ബലപ്പെടുത്തല്‍ നടപടികള്‍ക്ക് കേരളം ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല. പകരം ഇതിന് ആവശ്യമായ മുന്‍കൈ തമിഴ്നാട് സ്വീകരിക്കണമെന്നും അതോടൊപ്പം പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ച് കൊണ്ട് ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കേരളം എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. സിംഗ്, ചീഫ് എന്‍ജീനീയര്‍ ആര്‍.പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.

kerala delhi mullaperiyar dam roshy augustine