ജറുസലം: ഗാസയിലെ ഹമാസ് സംഘടന സൈനിക നീക്കം ആരംഭിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ഗാസയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ അറിയിച്ചു. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് ശനിയാഴ്ച പരസ്യ പ്രസ്താവനയിൽ അറിയിച്ചത്.
എല്ലാ പലസ്തീനികളും ഇസ്രയേലിനെ നേരിടാൻ ഒരുങ്ങണമെന്നും ഡീഫ് ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തതായും മുഹമ്മദ് ഡീഫ് അറിയിച്ചു.ഇസ്രയേലിന്റെ ഒന്നിലധികം വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ശബ്ദസന്ദേശമായാണ് ഡീഫിന്റെ പ്രസ്താവന പുറത്തുവന്നത്.
അതെസമയം ഗാസ മുനമ്പിൽ നിന്ന് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേൽ അധികൃതരും സ്ഥിരീകരിച്ചു.ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നതായാണ് നിവരം. റോക്കറ്റാക്രമണത്തിൽ എഴുപതുകാരിയായ ഇസ്രയേലി വനിതയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഗാസയിൽ നുഴഞ്ഞുകയറ്റവും ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട്ജ ചെയ്തത്. ആക്രമണത്തിനു പിന്നാലെ ജനങ്ങൾ അവരുടെ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമുള്ള ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ താമസിക്കാൻ ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി.