തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡറിന് ഉചിതമായ മലയാളം വാക്ക് കണ്ടെത്താനാകാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ വാക്കിനായി അന്വേഷണം തുടരുകയാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. പുതിയ വാക്ക് കണ്ടെത്തുന്നതുവരെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം തുടരും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അയിഷാ പോറ്റി അധ്യക്ഷയായ ട്രാന്‍സ്‌ജെന്‍ഡറുകളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയാണ് ഉചിതമായ മലയാള വാക്ക് തേടണമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ശുപാര്‍ശ ചെയ്തത്.
മത്സരത്തിലൂടെ വാക്ക് കണ്ടെത്താനായിരുന്നു ശ്രമം. ലിംഗാതീതര്‍, സഹജ, സഹജര്‍, തമിഴിലെ തിരുനങ്കൈ എന്നിങ്ങനെ പല നിര്‍ദേശങ്ങളും വന്നു. പക്ഷേ, ഒന്നും തിരഞ്ഞെടുക്കപ്പെട്ടില്ല. മാത്രമല്ല നിലവിലുള്ളതു പോലെ വിളിച്ചാല്‍ മതിയെന്ന് ട്രാന്‍സ്ജെന്‍ഡറില്‍ ഒരുവിഭാഗം നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ വാക്കിനായുള്ള അന്വേഷണം നീണ്ടത്. പുതിയ വാക്കിനായുള്ള അന്വേഷണം തുടരുകയാണെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്, കേരളത്തിന് ഔദ്യോഗിക പ്രാര്‍ഥനാഗാനം വേണമെന്നും മുഖ്യമന്ത്രി കേരള സാഹിത്യ അക്കാദമിയോട് നിര്‍ദേശിച്ചിരുന്നു. പ്രാര്‍ഥനാഗാനം പിന്നീട് കേരള ഗാനമെന്നറിയപ്പെട്ടു. ഒരുമിനിറ്റില്‍ അവസാനിക്കുന്ന കേരളത്തനിമയുള്ള ഗാനമാണ് അന്നത്തെ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ അക്കാദമി തേടിയത്. ഡോ. എം. ലീലാ വതിയുടെ നേതൃത്വത്തിലുള്ള ആറംഗസമിതിക്കായിരുന്നു തിരഞ്ഞെടുപ്പ് ചുമതല.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രാര്‍ഥനാ ഗാനമായ 'മനസ്സുനന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ' എന്ന് തുടങ്ങുന്ന ഗാനവും ബേധേശ്വരന്റെ 'ജയജയ കോമള കേരളണി' എന്ന ഗാനവും ഉള്‍പ്പെടെ രണ്ടായിരത്തോളം ഗാനങ്ങള്‍ സമിതിക്ക് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ ഗാനം വേണമെന്നതിനാല്‍ ഇതൊന്നും പരിഗണിച്ചില്ല. രണ്ടാമതും അപേക്ഷ ലഭിച്ച ഗാനങ്ങളുടെ പരിശോധനയിലാണ് അക്കാദമിയിപ്പോള്‍.