തിരുവനനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സംബന്ധിച്ച് റിമാൻഡ് റിപ്പോർട്ട് പുറത്ത്. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട അടൂരിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രഹസ്യവിവരം അടിസ്ഥാനത്തിലാണ് രാഹുലിന്റെ വീട്ടിലെത്തിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെ ആക്രമിച്ചത് രാഹുലിന്റെ നേതൃത്വത്തിലാണ്. സ്ത്രീകളെ മുന്നിൽനിർത്തിയായിരുന്നു ആക്രമണം. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ രാഹുൽ വെല്ലുവിളിച്ചെന്നാണ് പൊലീസ് വാദം.
മാത്രമല്ല രാഹുലിനെ രണ്ട് കേസുകളിൽ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് വഞ്ചിയൂർ കോടതിയെ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിലായിരുന്നു പൊലീസ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലാണു നടപടി വേണ്ടത്. നിലവലിൽ ഒരു കേസിൽ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുൽ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്നാണ് കോടതിയിൽ പ്രോസിക്യൂഷന്റെ വാദം.
അണികളെ തടയുന്നതിന് പകരം പൊലീസിനെ ആക്രമിച്ചു. തുടർച്ചയായി അക്രമം നടത്തി. പിരിഞ്ഞുപോയവരെ തിരികെവിളിച്ച് അക്രമം നടത്തി. അതിരുകടന്ന പ്രതിഷേധമാണ് നടന്നത്. അക്രമം ഉണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.അതെസമയം ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷമാണ് കോടതിവിധി.