തകർച്ചയുടെ വക്കിൽ മാലിദ്വീപ് ടൂറിസം; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് ഇടിവ്, സ്തംഭിച്ച് സമ്പദ് വ്യവസ്ഥ

ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്ന ഇന്ത്യൻ സന്ദർശകരുടെ എണ്ണം ജനുവരിയിലാകട്ടെ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മാലിദ്വീപ് ടൂറിസം മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

author-image
Greeshma Rakesh
New Update
തകർച്ചയുടെ വക്കിൽ മാലിദ്വീപ് ടൂറിസം; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് ഇടിവ്, സ്തംഭിച്ച് സമ്പദ് വ്യവസ്ഥ

ന്യൂഡൽഹി: തകർച്ചയുടെ വക്കിൽ മാലിദ്വീപ് ടൂറിസം. ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിലെ റെക്കോർഡ് ഇടിവാണ് പ്രധാന കാരണം. ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്ന ഇന്ത്യൻ സന്ദർശകരുടെ എണ്ണം ജനുവരിയിലാകട്ടെ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മാലിദ്വീപ് ടൂറിസം മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അവധിക്കാലെ ആഘോഷമാക്കാൻ ഇന്ത്യക്കാർ അധികവും തിര‍ഞ്ഞെ‌ടുത്തിരുന്നത് മാലിദ്വീപായിരുന്നു.ലക്ഷദ്വീപ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അവഹേളിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കണക്കുകൾ പ്രകാരം ജനുവരി മാസം 28-ാം തീയതി വരെ 13,989 പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപിലെത്തിയത്. രാജ്യത്തിന്റെ ടൂറിസം വിപണിയുടെ എട്ട് ശതമാനം വരുമിത്. നേരത്തെ 23.4 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ഇതോടെ വിദേശ സഞ്ചാരികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.

2023 ഡിസംബറിൽ 1,74,416 റഷ്യൻ പൗരന്മരാണ് മാലദ്വീപിലെത്തിയത്. ഇതോടെ 24.1 ശതമാനം വിപണി വിഹിതവുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 1,61,751 വിനോദസഞ്ചാരികളുമായി 23.4 ശതമാനം വിഹിതവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഇതിനിടെയാണ് നയതന്ത്ര ബന്ധം ആടിയുലഞ്ഞത്. ഇതോടെ സഞ്ചാരികളുടെ എണ്ണവും വിപണി വിഹിതവും കുറഞ്ഞു. മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ ഇത് പ്രകടമായ തകർച്ചയ്‌ക്ക് കാരണമാകുമെന്നതാണ് സത്യം.

സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് മാലിദ്വീപ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം മൂന്നിലൊന്നും മാലിദ്വീപിന് വിനോദ സഞ്ചാര മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപ് സന്ദർശിക്കുന്നവരിൽ അധികവും ഇന്ത്യക്കാരായിരുന്നു. 2023-ൽ 2,09,198 പേരാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപ് സന്ദർശിച്ചത്. ടൂറിസം വിപണിയുടെ 11 ശതമാനത്തോളം വരുമിത്. 2018 മുതൽ വിനോദസഞ്ചാരികളുടെ വരവ് കൂടുതലും ഇന്ത്യയിൽ നിന്നാണ്.

രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലിദ്വീപിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗ് റദ്ദാക്കുന്നതായി നിരവധി ഇന്ത്യൻ ട്രാവൽ ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു.

നയതന്ത്ര തർക്കത്തിന് ശേഷം, മാലിദ്വീപ് സന്ദർശിക്കാനുള്ള പദ്ധതികൾ മാറ്റുകയും റദ്ദാക്കിയ ടിക്കറ്റുകളു‌‌ടെ സ്‌ക്രീൻഷോട്ടുകളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. #boycottmaldives ക്യാമ്പെയ്ൻ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു.

 

 

Tourism maldives india-maldives row diplomatic row