തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് പിതാവ് ഉണ്ണി തുടക്കംമുതലേ ആവശ്യപ്പെടുന്ന കാര്യമാണ് സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നത്. എന്നാല്‍ ലോക്കല്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, പിന്നീടു വന്ന സിബിഐയോ ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നു മാത്രമല്ല, സ്വാഭാവിക അപകടമരണം എന്നുപറഞ്ഞ് കേസ് ക്ലോസ് ചെയ്യാനായിരുന്നു തിടുക്കം കാട്ടിയത്. ബാലുവിന്റെ അപകട മരണവുമായി ഗൂഢാലോചനയുണ്ടെന്ന് പിതാവ് ഉണ്ണിയും ബന്ധുക്കളും തുടക്കംമുതലേ ആരോപിച്ചിരുന്നു. തൃശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് അന്നുതന്നെ തിരുവനന്തപുരത്തേക്കു യാത്ര പ്ലാന്‍ ചെയ്തതിലും ദുരൂഹതയുണ്ടെന്ന് ഉണ്ണി പറയുന്നു.
തൃശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് അടുത്ത ദിവസമേ മടങ്ങിവരൂ എന്നായിരുന്നു ബാലു പിതാവിനോടു പറഞ്ഞിരുന്നത്. എന്നാല്‍ 2018 സെപ്റ്റംബര്‍ 24 ന് തന്നെ ബാലു അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനുണ്ടായ സാഹചര്യവും കാരണവും അന്വേഷിക്കണമെന്ന് ഉണ്ണി പറയുന്നു. 25 ന് തിരുവനന്തപുരത്തു വച്ച് ഒരു സിനിമയുടെ ഡിസ്‌കഷനുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അന്നുതന്നെ തൃശൂരില്‍ നിന്ന് മടങ്ങിയെന്നുമാണ് കൂടെയുണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ ആ മൊഴി തെറ്റെന്ന് ബാലുവിന്റെ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. സിനിമയുടെ ഡിസ്‌കഷനു വരുമെന്നു പറഞ്ഞയാളും ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ കലാകൗമുദിയോടു പറഞ്ഞു. ബാലു തൃശൂരിലേക്കു പോകുന്നതിനു മുമ്പുതന്നെ ഒരു മാളില്‍ വച്ച് അദ്ദേഹം ബാലുവുമായി സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ടാണ് യാത്രയിലെ ദുരൂഹത ആരോപിക്കാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കുന്നു.
മറ്റൊരു ആരോപണം സാമ്പത്തിക ഇടപാടുകളാണ്. ബാലുവില്‍ നിന്നും വന്‍ തുക മാനേജര്‍മാരും ഒരു ഡോക്ടറും കൈപ്പറ്റിയെന്ന് കേസിന്റെ തുടക്കം മുതല്‍ പിതാവ് ഉണ്ണി ആരോപിക്കുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കാന്‍ സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം തയാറായില്ല. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കാതെ കേസ് ക്ലോസ് ചെയ്യാന്‍ നോക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലു മരിക്കുന്നതിനു മുമ്പ് ഒരു എല്‍ഐസി പോളിസി എടുത്തതിനെ കുറിച്ചും ബന്ധുക്കള്‍ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. വലിയൊരു തുക പോളിസിയെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതൊക്കെ ബാലു ധൃതിയില്‍ ഒപ്പിട്ടു കൊടുത്തുവെന്നാണ് തങ്ങളോട് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് പിതാവ് ഉണ്ണി പറയുന്നു.
അപകട ശേഷം ബാലുവിന്റെ ഫോണുകള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും അതേക്കുറിച്ച് അന്വേഷിച്ചില്ല. ബാലുവിന്റെ ഫോണുകള്‍ കണ്ടെത്തണമെന്ന് പിതാവ് ഉണ്ണിയും ആവശ്യപ്പെട്ടിരുന്നു. സിബിഐ സംഘം ഉള്‍പ്പെടെയുള്ളവര്‍ അതിനെ കുറിച്ച് അന്വേഷണം നടത്തിയില്ല. ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പി അറസ്റ്റിലായ സമയത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ആ ഫോണ്‍ കണ്ടെടുത്തത്. അതും ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നും. അതിലെ വിശദാംശങ്ങള്‍ പോലും സിജെഎം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആദ്യം അന്വേഷണ സംഘം തയാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ തങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം ഡിആര്‍ഐയില്‍ നിന്നും വിശദാംശങ്ങള്‍ തേടിയതെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ കേസില്‍ പുനരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നാളിത്രയായിട്ടും ആദ്യം മുതല്‍ തന്നെ കണ്‍മുന്നിലുണ്ടായിരുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് അവ നശിപ്പിക്കാനുള്ള അവസരം നല്‍കുന്നതിനു വേണ്ടിയാണെന്നാണ് പിതാവിന്റെ ആരോപണം. തങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ആവശ്യങ്ങളൊന്നുമില്ലെന്നും കേസിന്റെ ആരംഭം മുതല്‍ ഉന്നയിച്ച സംശയങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പിതാവ് ഉണ്ണി കലാകൗമുദിയോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരാണ് ഓരോ തവണയും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്.
ബാലു മരിച്ചിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. കേസിലെ ദുരൂഹതയും സാമ്പത്തിക ഇടപാടുകളും, മൊഴികളിലെ വൈരുധ്യവും എല്‍ഐസി പോളിസി എടുത്തതിലും തൃശൂരില്‍ നിന്നുള്ള മടക്കയാത്രയും അന്വേഷിക്കണമെന്നുതന്നെയാണ് ആവശ്യം. മകന്റെ മരണത്തിലെ ദുരൂഹത പുറത്തുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഉണ്ണി പറഞ്ഞു.