ന്യൂഡല്‍ഹി: ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നരേന്ദ്ര മോദിയുടെ രാഷ്ടീയ പരിപാടിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സ്വപ്ന ലോകത്ത് ജീവിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയും. അദ്ദേഹം പറയുന്ന കള്ളത്തരങ്ങളെല്ലാം ജനങ്ങള്‍ വിശ്വസിക്കുമെന്നാണ് രാഹുല്‍ കരുതുന്നത്.
2014 ലും 2019 ലും രാഹുല്‍ ഇത് പോലെ ശ്രമിച്ചു. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ വിവേകമുള്ള ജനങ്ങള്‍ സത്യം തിരിച്ചറിയും. അതുകൊണ്ട് രാഹുലിന് മറുപടി നല്‍കാനുള്ള അവകാശം ജനങ്ങള്‍ക്ക് വിടുകയാണ്. കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാഹുലിന്റെ ഗുരു സാം പിത്രോദയും ഇതേ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമക്ഷേത്രം ഒരു വികാരമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്താന്‍ ആഗ്രഹിക്കുന്ന വരാണവര്‍. അവരുടെ അകമഴിഞ്ഞ ദൈവവിശ്വാസം മൂലമാണ് അവരങ്ങനെ ആഗ്രഹിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തില്‍ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖര്‍ സംരഭകരുമായി ആശയവിനിമയം നടത്തി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 10 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 10,000 യൂണികോണുകള്‍ സൃഷ്ടിക്കുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്. ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ നടന്ന സംവാദത്തിന് പിന്നാലെ സംരഭകര്‍ക്കൊപ്പം കേന്ദ്രമന്ത്രി നോയിഡയിലെ സ്റ്റാര്‍ട്ട് അപ്പ് സംരഭ സമുച്ചയം സന്ദര്‍ശിച്ചു.
മലയാളിയായ ഗൗരി നന്ദനയും സംഘത്തിലുണ്ടായിരുന്നു. കായംകുളം സ്വദേശി മന്മഥന്‍ നായരുടെയും കോട്ടയം കുമരനല്ലൂര്‍ സ്വദേശിനി സുജാതയുടെയും മകളായ ഗൗരി നന്ദന ഡല്‍ഹി ആര്‍.കെ.പുരം കേരള സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.