രാജസ്ഥാനിൽ ബീഫ് വില്പനയുടെ പേരിൽ 12 വീടുകൾ തകർത്ത് പൊലീസ്; 44 ഏക്കറിലെ കൃഷിയും നശിപ്പിച്ചു

അതെസമയം പ്രദേശത്ത് ബീഫ് വിൽപന തടയാത്തതിന് നാല് പൊലീസുകാരെ സസ്​പെൻഡ് ചെയ്തു.അനധികൃത ബീഫ് വിൽപന തടയാൻ ശ്രമിക്കാത്തതിനാണ് നാല് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്

author-image
Greeshma Rakesh
New Update
രാജസ്ഥാനിൽ ബീഫ് വില്പനയുടെ പേരിൽ 12 വീടുകൾ തകർത്ത് പൊലീസ്; 44 ഏക്കറിലെ കൃഷിയും നശിപ്പിച്ചു

 

ജയ്പൂർ: ബീഫ് വിൽപന നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൽ 12 വീടുകൾ പൊലീസ് തകർത്തു.ഒപ്പം 44 ഏക്കറിലെ ഗോതമ്പ്, കടുക് വിളകളും പൊലീസ് നശിപ്പിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തിജാര ഖായിർത്താൽ ജില്ലയിലെ കിസ്നഗാർഹ് ബാസ് ഗ്രാമത്തിലാണ് സംഭവം.

 

ബീഫ് വിറ്റതിന് 22 പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.റാട്ടി ഖാൻ, സാഹുൻ, മൗസം, ഹാരൂൺ, ജബ്ബാർ, അലീം, അസ്‍ലം, കാമിൽ, സദ്ദാം എന്നിവരാണ് അറസ്റ്റിലായത്.
അതെസമയം പ്രദേശത്ത് ബീഫ് വിൽപന തടയാത്തതിന് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

അനധികൃത ബീഫ് വിൽപന തടയാൻ ശ്രമിക്കാത്തതിനാണ് നാല് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, രണ്ട് ബീറ്റ് കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

അനധികൃതമായി ഇവിടെ ബീഫ് വിൽപന നടത്തുന്നതായി നിരവധി തവണ പൊലീസിന് പരാതി ലഭിച്ചുവെന്നാണ് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 50ഓളം കന്നുകാലികളെ അറുത്ത് 50ഓളം ഗ്രാമങ്ങളിൽ ഇവിടെ നിന്നും ബീഫ് വിതരണം ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

അനധികൃത ബീഫ് വിൽപന നടക്കുന്നുവെന്ന പരാതി ലഭിച്ചയുടൻ തന്നെ പ്രദേശത്ത് പരിശോധന നടത്തിയെന്ന് ജയ്പൂർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഉമേഷ് ദത്ത പറഞ്ഞു. കിസ്നഗാർഹ് ബാസ് ഏരിയിൽ പരിശോധന നടത്തുകയും അവിടെ നിന്നും ഇറച്ചി പിടിച്ചെടുക്കുകും ചെയ്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ‌

police BJP Rajasthan Beef sale