ദില്ലി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ സഞ്ചരിച്ച പ്രചാരണ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. അതിവേഗം വൈദ്യുതി ബന്ധം വിച്ഛേദിച്ച് അമിത് ഷായെ മറ്റൊരു വാഹനത്തില്‍ സമ്മേളന സ്ഥലത്തേക്ക് എത്തിച്ചു.
തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനായി ബിദിയാദ് ഗ്രാമത്തില്‍ നിന്ന് അമിത് ഷായുടെ പ്രചാരണ വാഹനം പര്‍ബത്സറിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. പര്‍ബത്സറില്‍ ഇരുവശത്തും കടകളും വീടുകളും ഉള്ള ഒരു പാതയിലൂടെ കടന്നുപോകുമ്പോള്‍, പ്രചാരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനത്തിന്റെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തൊടുകയായിരുന്നു. ഈ സമയം ലൈനില്‍ നിന്ന് തീപ്പൊരി ഉണ്ടാവുകയും വയര്‍ പൊട്ടുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. നവംബര്‍ 25-നാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബിജെപിയുമാണ് സംസ്ഥാനത്ത് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുന്നത്.