ന്യൂഡല്‍ഹി: മണിപ്പുരില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഞായറാഴ്ച തുടങ്ങും. മണിപ്പൂര്‍ കലാപം സൃഷ്ടിച്ച സുരക്ഷാപ്രശ്‌നങ്ങള്‍ക്കിടെയാണ് രാഹുലിന്റെ രണ്ടാം യാത്ര. ഞായറാഴ്ച 12 ന് തൗബാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.
തൗബാലില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്നുള്ള യാത്രയിലും രാഹുലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ അണിനിരക്കും.
സുരക്ഷാകാരണങ്ങളാല്‍ സോണിയ ഗാന്ധി പങ്കെടുക്കില്ല. തൃണമൂല്‍, ഇടതുകക്ഷികള്‍, ജെഡിയു എന്നിവയുടെ മണിപ്പുരിലെ നേതാക്കള്‍ പിന്തുണയുമായി എത്തും.
യാത്ര തിങ്കളാഴ്ച നാഗാലാന്‍ഡില്‍ പ്രവേശിക്കും. മാര്‍ച്ച് വരെയായി 66 ദിവസം നീളുന്ന ബസ് യാത്രയില്‍ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. 6713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും.
2022 23 ല്‍ കന്യാകുമാരിയില്‍ നിന്നു കശ്മീരിലേക്കു നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുല്‍ സഞ്ചരിക്കുന്നത്.