തിരുവനന്തപുരം : തലസ്ഥാനത്ത് റോഡപകടങ്ങല്‍ കൂടുന്നു. ഒരാഴ്ചക്കിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാട്ടാക്കട മേഖലയില്‍ മാത്രം രണ്ട് ദിവസങ്ങള്‍ക്കിടെ രണ്ട് മരണങ്ങളാണ് ഉണ്ടായത്.
വര്‍ക്കല വട്ടപ്ലാമൂട്-നരിക്കല്ല് മുക്ക് റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പുന്നമൂട് ഐടിഐ വിദ്യാര്‍ഥി പാലച്ചിറ സ്വദേശി എസ് സരുണ്‍(22) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബി എസ് അഭന്യ(18) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിടിച്ച് മരിച്ചു. ബസ് കാത്തുനില്‍ക്കുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം.
കള്ളിക്കാട് തേവന്‍കോട് വച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക അഭിരാമി(33) കാറിടിച്ച് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാരോട് ബൈപാസില്‍ വച്ച് വയോധികന്‍ മരിച്ചതായിരുന്നു അവസാന സംഭവം. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. റിട്ട ജയില്‍ വകുപ്പ് ജീവനക്കാരന്‍ ചന്ദ്രശേഖരന്‍ നായര്‍(77) ആണ് മരിച്ചത്.
ഒരാഴ്ചക്കിടെ എംസി റോഡില്‍ വിവിധ സ്ഥലങ്ങളിലായി അഞ്ച് അപകടങ്ങളാണ് നടന്നത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേറ്റിനാട്, കന്യാകുളങ്ങര, മഞ്ചാടിമൂട്, ആലന്തറ ഉദിമൂട്, കീഴായിക്കോണം, വാമനപുരം എന്നിവിടങ്ങളിലായിരുന്നു അപകടം നടന്നത്. വെഞ്ഞാറമൂട് പുത്തന്‍പാലം റോഡ്, പാറയ്ക്കല്‍ ആലിയാട് റോഡ്, കല്ലറ പാലോട് റോഡ് എന്നിവിടങ്ങളില്‍ നടന്ന നാല് അപകടങ്ങളിലായി ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്.