ശബരിമലയില്‍ കുട്ടികള്‍ക്ക് സുരക്ഷ; ക്യൂ ആര്‍ ബാന്‍ഡുമായി പോലീസ്

തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വി യുടെ സഹകരണത്തോടെ ക്യൂ ആര്‍ കോഡ് റിസ്റ്റ് ബാന്‍ഡ് സംവിധാനമൊരുക്കി ജില്ലാ പോലീസ്.

author-image
Web Desk
New Update
ശബരിമലയില്‍ കുട്ടികള്‍ക്ക് സുരക്ഷ; ക്യൂ ആര്‍ ബാന്‍ഡുമായി പോലീസ്

പത്തനംതിട്ട: തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വി യുടെ സഹകരണത്തോടെ ക്യൂ ആര്‍ കോഡ് റിസ്റ്റ് ബാന്‍ഡ് സംവിധാനമൊരുക്കി ജില്ലാ പോലീസ്. തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളില്‍, എത്രയും വേഗം കണ്ടെത്താന്‍ ഉപകരിക്കും വിധം ക്യൂ ആര്‍ കോഡുള്ള റിസ്റ്റ് ബാന്‍ഡ് വൊഡാഫോണ്‍ ഐഡിയ കമ്പനി ജില്ലാ പോലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പുറത്തിറക്കി.

ബുധനാഴ്ച രാവിലെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് മേധാവിയും വൈസ് പ്രസിഡന്റുമായ ബിനു ജോസിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പോലീസ് മേധാവി ഇവ പുറത്തിറക്കിയത്.

തീര്‍ത്ഥാടനകാലത്ത് കുട്ടികള്‍ കാണാതാവുന്ന സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ അവരെ അതിവേഗം കണ്ടെത്തി ഉറ്റവരുടെ അടുത്തെത്തിക്കാന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഈ സാഹചര്യം മനസ്സിലാക്കി, തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ബാന്‍ഡുകള്‍ തയ്യാറാക്കിയത് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 50 ലക്ഷത്തിലധികം തീര്‍ത്ഥാടകാരാണ് എത്തിയത്, ഇതില്‍ 4 ലക്ഷത്തോളം കുട്ടികളുണ്ടായിരുന്നു. ഈ സീസണില്‍ ഇതുവരെ 1,60,000 ആണ് കുട്ടികളുടെ എണ്ണം.

കമ്പനിയുടെ സ്റ്റാളുകളില്‍ നിന്നും രക്ഷാകര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്പര്‍ നല്‍കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം.

Sabarimala kerala police kerala police qr code