പുല്‍പ്പള്ളി: രണ്ട് പതിറ്റാണ്ടു കാലം പുല്‍പ്പള്ളിയുടെ മണ്ണില്‍ നിറഞ്ഞുനിന്ന വ്യക്തി പ്രഭാവം, കറകളഞ്ഞ കമ്യുണിസ്റ്റ്, വ്യക്തികളേക്കാള്‍ പ്രസ്ഥാനവും, സമൂഹവും വലുതെന്നു കണ്ടെത്തിയ മനുഷ്യ സ്‌നേഹി. വ്യാഴാഴ്ച അന്തരിച്ച ദേശാഭിമാനി പുല്‍പ്പള്ളി ലേഖകന്‍ പി.കെ.രാഘവന്‍മാസ്റ്റര്‍ ഇവക്കെല്ലാം ഉപരിയായ വ്യക്തിത്വമായിരുന്നു.
മൂന്നു പതിറ്റാണ്ടു മുമ്പാണ് രാഘവന്‍ മാസ്റ്റര്‍ കുടുംബ സമേതം പുല്‍പ്പള്ളിയിലെത്തുന്നത്. കണ്ണൂരിന്റെ മണ്ണില്‍ നിന്നും വിപ്ലവ വീര്യമുള്‍ക്കൊണ്ട് മാഷ് പുല്‍പ്പള്ളിയിലെത്തുന്നത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനായാണ്. അക്കാലത്ത് പുല്‍പ്പള്ളിയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനം സാന്ദീപനി പാരലല്‍ കോളേജാണ്. 800-ലേറെ കുട്ടികള്‍ അന്നവിടെ പഠിക്കുന്നുണ്ട്. കണക്കും ഇംഗ്ലീഷും രാഘവന്‍ മാഷിന് ഒരു പോലെ വഴങ്ങും. തന്റെ മുന്നിലെത്തുന്ന ഏതു തിരുമണ്ടനേയും മാഷ് വിജയ പഥത്തിലെത്തിക്കും. മാഷിന്റെ ക്ലാസിലിരുന്ന ഒരു കുട്ടിപോലും സ്‌നേഹ ബഹുമാനങ്ങളോടെയല്ലാതെ മാഷിനെ ഇന്നും കാണുന്നില്ല.
കാലത്തിന്റെ ഗതിവിഗതികളില്‍പെട്ട് സമാന്തര വിദ്യാഭ്യാസസ്ഥാ പനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയപ്പോള്‍ സാന്ദീപനിയുടെ വാതിലുകളും അടഞ്ഞു. എങ്കിലും രാഘവന്‍ മാഷിലെ അധ്യാപകന്‍ ഉറങ്ങിയില്ല. സാന്ദീപനിയുടെ പേര് നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം കുട്ടികള്‍ക്കായി അടുത്ത കാലം വരെ ട്യൂഷന്‍ സെന്റര്‍ നിലനിര്‍ത്തി.
സാന്ദീപനിയിലെ അധ്യാപക വൃത്തിക്കിടയിലാണ് മാഷിനെ പാര്‍ട്ടി ദേശാഭിമാനിയുടെ ലേഖകനാക്കുന്നത്. മരിക്കുന്നതിന്റെ തലേദിവസംവരെ ആ ജോലിയോട് അദ്ദേഹം തികഞ്ഞ കൂറ് പുലര്‍ത്തി. സംഭവങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞ് വാര്‍ത്തയാക്കുന്ന പതിവ് ശൈലിയല്ലായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എത്ര കഠിനപ്രയത്‌നമാവശ്യമായാലും അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വാര്‍ത്തകള്‍ ശേഖരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാര്‍ത്തകളില്‍ സത്യമുണ്ടായിരുന്നു.
കക്ഷി രാഷ്ട്രീയത്തിനതീതമായി വലിയൊരു കാഴ്ചപ്പാട് അദ്ദേഹത്തിന്റെ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാടും സമൂഹത്തിന്റെ കാഴ്ചപ്പാടും ഒന്നാക്കുവാനുള്ള കഠിനപ്രയത്‌നമായിരുന്നു അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനം. കണ്ണൂരിന്റെ വീര്യമാണെന്നു തോന്നുന്നു, കളരിപ്പയറ്റിനോട് മാഷിന് അടങ്ങാത്ത ആവേശമായിരുന്നു. വയനാട്ടില്‍ കളരിപ്പയറ്റുകാരുടെ സംഘടന രൂപീകരണത്തിന്റെ മുന്‍ നിരയില്‍ ഇദ്ദേഹമുണ്ടായിരുന്നു.ഭൗതീക തലത്തില്‍ അധികമൊന്നും നേടാനായില്ലെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ സ്‌നേഹപൂര്‍വം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു രാഘവന്‍ മാഷിനുണ്ടായിരുന്നത്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്‍ എങ്ങിനെയായിരിക്കന്നമെന്ന്-ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രവര്‍ത്തനം സമൂഹത്തിന്, പ്രത്യേകിച്ച് ശബ്ദമില്ലാത്തവരുടെ ശബ്ദമാകണമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന നിഷ്‌കാമിയായ യഥാര്‍ത്ഥ മനുഷ്യനായിരുന്നു, നാട്ടുകാരുടെ പ്രിയപ്പെട്ട രാഘവന്‍ മാഷ്.