രാജ്യാന്തര മത്സരങ്ങളില്‍ ജേതാക്കളായി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒരു പറ്റം മലയാളി കായിക താരങ്ങള്‍ ഇനി സ്വന്തം സംസ്ഥാനത്തിനായി മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാന കായിക വകുപ്പിനെ സമ്മര്‍ദ്ദത്തില്‍ ആക്കുകയാണ്. അത്‌ലറ്റുകളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബുബക്കര്‍, ബാഡ്മിന്റണ്‍ താരമായ എച്ച് എസ് പ്രണോയ് തുടങ്ങിയവര്‍ ഉള്‍പ്പെടെ സംസ്ഥാനം വിടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല എന്ന പരിഭവം ഉയര്‍ത്തിയാണ് താരങ്ങള്‍ നാടുവിടാനൊരുങ്ങുന്നത്.
പ്രഥമദൃഷ്ട്യാ ഈ പ്രഖ്യാപനം കായിക പ്രേമികള്‍ക്കും വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കും ഒരു ഞെട്ടല്‍ നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍, കൂടുതല്‍ മെച്ചപ്പെട്ട ഉദ്യോഗതല നിയമനങ്ങള്‍ എന്നിവ കണക്കിലെടുത്ത് മലയാളി താരങ്ങള്‍ മുമ്പും മറ്റ് സംസ്ഥാനങ്ങളിലേക്കോ ടീമുകളിലേക്കോ കേന്ദ്രവകുപ്പുകളിലേക്കോ ചേക്കേറിയിട്ടുണ്ട്. ഒരുകാലത്ത് സര്‍വീസസിന്റെയും റെയില്‍വേയുടെയും എസ്ബിഐയുടെയും ഫുട്‌ബോള്‍, വോളിബോള്‍ ടീമുകളിലടക്കം മലയാളി താരങ്ങള്‍ ഈ വിധത്തില്‍ ചേര്‍ന്നിട്ടുമുണ്ട്. അന്നും മറ്റുള്ളവര്‍ നല്‍കുന്നതിന് ഏകദേശം തുല്യമായ വേതനവ്യവസ്ഥയും മറ്റാനുകൂല്യങ്ങളും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച സാഹചര്യം തിരസ്‌കരിച്ചാണ് ഈ കായിക താരങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.
പിന്നെ ഈ നാടുവിടല്‍ വാദത്തില്‍ ഒരു കഴമ്പുള്ളത് നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാനത്ത് ഇന്ന് ലഭിക്കുന്ന സര്‍ക്കാര്‍ തല പരിഗണന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീര്‍ച്ചയായും കുറവുതന്നെയാണ്. രാജ്യത്തിന് അഭിമാനം ആകുന്ന ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങളെ സംസ്ഥാനത്തിന്റെ പ്രത്യേക സമ്പത്തായിത്തന്നെ കണക്കാക്കി വലിയ തോതിലുള്ള പരിഗണനയും ആനുകൂല്യങ്ങളും നല്‍കുന്നത് ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പതിവ് രീതിയാണ്. അന്തര്‍ദേശീയ തലത്തില്‍ മെഡലുകള്‍ നേടുന്നവര്‍ക്ക് മൂന്ന് കോടിയോളം രൂപ വരെ പാരിതോഷികങ്ങലും ആനുകൂല്യങ്ങളുമായി മറ്റ് സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട് എന്നോര്‍ക്കണം. ഇതിന് പുറമെ ഇത്തരം സാഹചര്യങ്ങളില്‍ പരസ്യമായി ലഭിക്കുന്ന അനുമോദനങ്ങളും സ്വീകരണങ്ങളും പ്രതിഭകളെ സംബന്ധിച്ചിടത്തോളം വലിയ പ്രോത്സാഹനമായി മാറുന്നു. അക്കാര്യത്തില്‍ തമിഴ്‌നാടിനെപ്പോലുള്ള സംസ്ഥാനങ്ങളെ നമുക്ക് മാതൃകയാക്കാവുന്നതാണ്.
ഇവിടെ വിജയിയായി വന്നിറങ്ങുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനിലോ, വിമാനത്താവളത്തിലോ നല്‍കുന്ന ഒരു സ്വീകരണ പ്രഹസനം ഒഴിച്ചാല്‍ പിന്നെ നഗരസഭാതലത്തിലെങ്കിലും ഒരു സ്വീകരണം കിട്ടിയാല്‍ ഭാഗ്യം എന്നുവേണം കരുതാന്‍. തീര്‍ച്ചയായും ഇത്തരം പ്രതിഭകളെ ആദരിക്കുന്നത് കായിക രംഗത്തെ വരുംതലമുറയ്ക്ക് പ്രചോദനം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല സ്വന്തം നാട്ടിലെ അംഗീകാരം വിലമതിക്കാനാവാത്ത സന്തോഷവും അഭിമാനവുമാകും അവര്‍ക്ക് സമ്മാനിക്കുക. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ വിജയികളെ പ്രചോദിപ്പിക്കാനും ഈ സന്ദര്‍ഭങ്ങള്‍ക്ക് കഴിയും.
ഏറ്റവും ദൗര്‍ഭാഗ്യകരമായി ഈ വിഷയത്തില്‍ ഉണ്ടായത് താരങ്ങളുടെ ഈ പ്രഖ്യാപനത്തോടുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ മറുപടിയാണ്. സംസ്ഥാനത്തോടുള്ള താത്പര്യമാണ് താരങ്ങള്‍ കാണിക്കേണ്ടതെന്നും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയ സംസ്ഥാനത്തെക്കാള്‍ വലുതല്ല പണം എന്നും അദ്ദേഹം ഉപദേശിക്കുന്നു. ഒരു കായിക താരം വളര്‍ന്ന് വരണമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു മൈതാനം ഒരുക്കിയിട്ടുകൊടുത്താല്‍ മതി എന്ന് തോന്നും ഈ പ്രസ്താവന കേട്ടാല്‍. ഇക്കാലത്ത് ഗെയിംസില്‍ മാത്രമല്ല അത്‌ലറ്റ്‌സിലും പ്രത്യേകിച്ച് വ്യക്തഗത ഇനങ്ങളില്‍ പരിശീലനം നേടുകയെന്നത് ഭാരിച്ച ചെലവ് വരുന്ന ഒരു ഏര്‍പ്പാടാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തവര്‍ക്ക് എത്ര പ്രതിഭയുണ്ടെങ്കിലും ഓരത്തിരിക്കാനേ വിധിയുണ്ടാവൂ. ഇടത്തരം രക്ഷിതാക്കളാകട്ടെ വസ്തുപണയപ്പെടുത്തിയും വായ്പ്പയെടുത്തുമൊക്കെയാണ് കായികരംഗത്ത് അഭിരുചിയുള്ള മക്കളെ പരിശീലനത്തിനും മറ്റും അയയ്ക്കുന്നത്.ഈ ഘട്ടങ്ങളിലൊക്കെ ചില പരിമിതമായ സഹായങ്ങള്‍ കായികവകുപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ടാകാം.തീര്‍ച്ചയായും മികച്ച വിജയങ്ങള്‍ക്ക് അതുപോര തന്നെ.
ഇവിടെ ഒാരോ കായിക താരവും പ്രതിസന്ധികള്‍ മറികടന്ന് ആത്മസമര്‍പ്പണത്തിലൂടെ, വര്‍ഷങ്ങളുടെകഠിനമായ പരിശീലനം തപസ്യയാക്കി തന്നെയാണ് രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി നേട്ടങ്ങള്‍ കൊണ്ടുവരുന്നത്. അവരുടെ ഭാവിജീവിത സുരക്ഷ ഉറപ്പിക്കാനും മതിയായ അംഗീകാരങ്ങള്‍ നല്‍കാനും തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്.