തിരുവനന്തപുരം: യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍. മംഗലപുരത്തെ സ്വര്‍ണ്ണക്കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയായ വെള്ളൂര്‍ സ്വദേശി ഫൈസി എന്ന ഫൈസലിനെയാണ് മംഗലപുരം പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ മൂന്നുപേര്‍ പിടിയിലായി.
വെള്ളൂര്‍ ചിറത്തലയ്ക്കല്‍ വീട്ടില്‍ ആഷിക്ക്, പള്ളിപ്പുറം പായ്ചിറ ദാറുല്‍ ഹിദായയില്‍ മുഹമ്മദ് അസറുദീന്‍, വെള്ളൂര്‍ മുസ്ലീം പള്ളിക്കു സമീപം ഫൈസല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. മംഗലപുരം വെള്ളൂര്‍ ചിറത്തലയ്ക്കല്‍ വീട്ടില്‍
ഷെരീഫി(38)നെയാണ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. തലയിലും ചെവിക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒരാഴ്ച മുന്‍പ് ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പെണ്‍കുട്ടിയമായി ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നത് ഷെരീഫ് ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് പോലീസ് പറയുന്നത്.
മോഷണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. സ്വര്‍ണ്ണക്കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഫൈസി. പോത്തന്‍കോട് പിതാവിനെയും മകളെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലും ഫൈസല്‍ പ്രതിയായിരുന്നു.
അക്രമികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് സംഭവ ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ സഹായകമായത്. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് അറിയിച്ചു.