ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമാണ് സുധാ മൂർത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സുധാമൂർത്തിയെ രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിൽ സന്തുഷ്ടനാണ്. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സുധാ ജിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്. നമ്മുടെ രാജ്യത്തിൻറെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ശക്തിയും കഴിവും പ്രധാനമാണ്. മികച്ച പാർലമെൻററി ഭരണം അവർക്ക് ആശംസിക്കുന്നു -നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
സാഹിത്യത്തിലെ സംഭാവനകൾക്ക് ആർ.കെ. നാരായണൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സുധ മൂർത്തിയുടെ രചനകൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 2006ൽ പത്മശ്രീ ലഭിച്ചു. കഴിഞ്ഞ വർഷം രാജ്യം പത്മവിഭൂഷൺ നൽകിയും ആദരിച്ചിരുന്നു.