അപൂര്‍വങ്ങളില്‍ അപൂര്‍വം ഓവര്‍ എ കപ്പ് ഓഫ് ടീ

പോത്തന്‍ ജോസഫ് ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ മനുഷ്യന്‍. അരനൂറ്റാണ്ടോളം എല്ലാ ദിവസവും മുടങ്ങാതെ ഒരു കോളം എഴുതുക. ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്, ഇല്ലെന്ന് തന്നെ പറയാം. 'ഓവര്‍ എ കപ്പ് ഓഫ് ടീ' എന്ന പോത്തന്‍ ജോസഫിന്റെ കോളം 1920-കളില്‍ എഴുതി തുടങ്ങുമ്പോള്‍ അത് ഒരു ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

author-image
Web Desk
New Update
അപൂര്‍വങ്ങളില്‍ അപൂര്‍വം ഓവര്‍ എ കപ്പ് ഓഫ് ടീ

ഹരിദാസ് ബാലകൃഷ്ണന്‍

പോത്തന്‍ ജോസഫ് ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ മനുഷ്യന്‍. അരനൂറ്റാണ്ടോളം എല്ലാ ദിവസവും മുടങ്ങാതെ ഒരു കോളം എഴുതുക. ലോക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്, ഇല്ലെന്ന് തന്നെ പറയാം. 'ഓവര്‍ എ കപ്പ് ഓഫ് ടീ' എന്ന പോത്തന്‍ ജോസഫിന്റെ കോളം 1920-കളില്‍ എഴുതി തുടങ്ങുമ്പോള്‍ അത് ഒരു ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

ലോകത്തിലെ തന്നെ ആദ്യത്തെ പ്രതിദിന രാഷ്ട്രീയ പംക്തിയായിരുന്നു 'ഓവര്‍ എ കപ്പ് ഓഫ് ടീ'. ഈ പംക്തി കണികണ്ടായിരുന്നു ഇന്ത്യ ഉണര്‍ന്നിരുന്നത്. 1892 മാര്‍ച്ച് 13-ന് ഓറയില്‍ ഹൗസില്‍ സി.ഐ. ജോസഫിന്റെ മകന്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ മനുഷ്യനായി മാറുകയായിരുന്നു.

ഇരുപത്തഞ്ചോളം പത്രങ്ങള്‍ തുടങ്ങുകയോ അവയെ ഒന്നാം തരം പത്രങ്ങളാക്കി മാറ്റുകയോ ചെയ്തത് പോത്തന്‍ ജോസഫായിരുന്നു. രണ്ടായിരം കോപ്പിയിലൊതുങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസിനെ ഡല്‍ഹിയിലെ ഏറ്റവും സ്വാധീനമുള്ള പത്രമാക്കിയത് പോത്തന്‍ ജോസഫിന്റെ മാന്ത്രിക സ്പര്‍ശമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ ജോര്‍ജ്ജ് ജോസഫിന്റെ സഹോദരനാണ് പോത്തന്‍ ജോസഫ്.
മുഹമ്മദാലി ജിന്ന, ഗാന്ധി, ആനിബസന്റ്, മോത്തിലാല്‍ നെഹ്‌റു, സരോജിനി നായ്ഡു എന്നിവരോടൊപ്പം ജോലി ചെയ്യുക എന്ന അപൂര്‍വ്വ ഭാഗ്യം കൂടി പോത്തന്‍ ജോസഫിനുണ്ടായി.

1973-ല്‍ രാഷ്ട്രം ഈ അത്ഭുത പ്രതിഭയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. എങ്കിലും വളരെ നിരാശയോടെയാണ് പോത്തന്‍ മരിച്ചതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി.രാമചന്ദ്രന്‍ ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും ഫയര്‍ ബ്രാന്‍ഡായ സി.പി.രാമചന്ദ്രന്‍ പോത്തന്‍ ജോസഫിനെക്കുറിച്ച് ഇങ്ങനെ എഴുതി: ''നാല്‍പ്പത് വര്‍ഷക്കാലം എല്ലാദിവസവും ഒരു മനുഷ്യന്‍ ഒരു കോളം എഴുതുക. പോത്തന്റെ ''ഓവര്‍ എ കപ്പ് ഓഫ് ടീ'' അല്ലാതെ മറ്റേതെങ്കിലും കോളമുണ്ടോ സമാനമായി. പത്ത് പതിനഞ്ച് വര്‍ഷക്കാലമായി എനിക്ക് പോത്തനെ നേരിട്ട് അറിയുമായിരുന്നു.

ബ്രിട്ടീഷ് വിരുദ്ധനായും, ബ്രിട്ടീഷ് അനുകൂലിയായും ഒക്കെ എഴുതിയ, ഹിന്ദുസ്ഥാന്‍ ടൈംസിലും, ജിന്നയുടെ സോണിലും എഡിറ്ററായ പോത്തന് എന്തുകൊണ്ട് ഈ വൈരുദ്ധ്യം സംഭവിച്ചു എന്ന ചോദ്യത്തിന് പോത്തന്‍ നല്‍കിയ മറുപടി രസകരമായിരുന്നു. '' I might be an early Christian but no martyr'' തന്റെ പ്രൊഫഷനോട് മാത്രമേ തനിക്ക് ആത്മാര്‍ത്ഥതയുള്ളൂ എന്ന് വിശ്വസിച്ച ആളാണ് പോത്തന്‍.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ കാര്‍ട്ടൂണുകളുടെ ഉപജ്ഞാതാവ് പോത്തന്‍ ജോസഫായിരുന്നു. ശങ്കറിന്റെ ശങ്കേഴ്‌സ് വീക്കിലിയുടെ സൂത്രധാരനും പോത്തനായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കാര്‍ട്ടൂണിസ്റ്റെന്നാണ് രാംനാഥ് ഗോയങ്കോ പോത്തന്‍ ജോസഫിനെ വിശേഷിപ്പിച്ചത്. കാര്‍ട്ടൂണിസ്റ്റുകളെ കണ്ടെത്തുകയും അവര്‍ക്ക് ആശയങ്ങള്‍ കൊടുക്കുകയും, ഓരോ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെയും ശരീരഭാഷയുമെല്ലാം ഇമിറ്റേറ്റ് ചെയ്ത് കാണിക്കുന്നതുമെല്ലാം പോത്തന്റെ ഹോബിയായിരുന്നു. പത്രപ്രവര്‍ത്തനത്തിലെ തലതൊട്ടപ്പനായ ചലപതി റാവു ശങ്കറിനു പോത്തനോ ടുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെ എഴുതി. ''ശങ്കറിന് പോത്തന്‍ ജോസഫിനോടുള്ള ഭയഭക്തി ബഹുമാനം അമേരിക്കക്ക് കൊളംബസിനോടുള്ളതുപോലെയാണ്''എന്ന്.

ഇത് എത്രയോ ശരിയാണ്. ശങ്കറിനും ശങ്കേഴ്‌സ് വീക്കിലിക്കും അതുവഴി ഇന്ത്യന്‍ കാര്‍ട്ടൂണിനും പോത്തന്‍ ജോസഫിന്റെ സംഭാവന എത്രയോ വലുതായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കറിനെ കാര്‍ട്ടൂണിസ്റ്റായിട്ടു കൊണ്ടു വന്നതും ജോസഫായിരുന്നു.

അഞ്ചു വര്‍ഷമേ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി നോക്കിയുള്ളൂ. ഈ ചുരുങ്ങിയ കാലംകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസിനെ ഡല്‍ഹിയിലെ പ്രധാന പത്രങ്ങളിലൊന്നാക്കി പോത്തന്‍ ജോസഫ് ഉയര്‍ത്തി. പക്ഷെ, അധികകാലം പോത്തന്‍ ജോസഫിന്റെ മാജിക് കാണാന്‍ ആ പത്രത്തിന് ഭാഗ്യമുണ്ടായില്ല. 1936-ല്‍ മുതലാളിത്ത സിന്‍ഡ്രം കാരണം പോത്തന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ടു. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ തുടര്‍ന്നു.

അവസാനം മുതലാളിത്ത സിന്‍ഡ്രം കാരണം ശങ്കറും ടൈംസ് വിട്ടു. തുടര്‍ന്ന് പോത്തന്‍ ജോസഫിന്റെ പ്രേരണയും പിന്‍തുണയും കൊണ്ടാണ് ശങ്കര്‍, ശങ്കേഴ്‌സ് വീക്‌ലി തുടങ്ങിയത്. അത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. എത്ര പേരാണ് ശങ്കേഴ്‌സ് വീക്കിലിയിലൂടെ ഇന്ത്യ കണ്ടത്. അബു എബ്രഹാം, കുട്ടി, സാമുവേല്‍, കേരളവര്‍മ്മ, ഒ.വി.വിജയന്‍, യേശുദാസന്‍,വര്‍മ്മ. ഡല്‍ഹിയിലെ മലയാളി ദര്‍ബാര്‍ സൃഷ്ടിച്ചത് ഒരര്‍ത്ഥത്തില്‍ പോത്തന്‍ ജോസഫാണ്.

ശങ്കറിന് പോത്തന്‍ ജോസഫ് വരക്കേണ്ട വിഷയം മാത്രമല്ല കൊടുത്തത്. തലക്കെട്ടുകള്‍ പോലും ശങ്കറിനു പറഞ്ഞുകൊടുത്ത പോത്തന്‍ ജോസഫായിരുന്നു. ചുരുക്കത്തില്‍ ശങ്കറിനെക്കൊണ്ടു വരപ്പിച്ചത് യഥാര്‍ത്ഥത്തില്‍ പോത്തന്‍ ജോസഫായിരുന്നു.

 

india journalist life and career pothan joseph