കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാന്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ റിമാന്റ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.അതെസമയം ഹോസ്റ്റലിൽ 'അലിഖിത നിയമം' ആണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇത് പ്രകാരം പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ സംഘം വിളിച്ചുവരുത്തുകയായിരുന്നു.
തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് പോകാൻ എറണാകുളത്ത് എത്തിയ സിദ്ധാർത്ഥന് തിരികെ കോളേജിലേക്ക് മടങ്ങേണ്ടിവരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാർത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർത്ഥനെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.
കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാർത്ഥനെ മർദ്ദിച്ച് പ്രതികൾ സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് തിരികെ ഹോസ്റ്റലിലേയ്ക്ക് വിളിച്ചുവരുത്തിയത്.ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാർത്ഥൻ തിരികെ കോളേജിലെത്തി.
എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർത്ഥനെ തടവിൽ വെച്ചു.പിന്നീട് അങ്ങോട്ട് കൊടുംക്രൂരതയാണ് പ്രതികളിൽ നിന്ന് സിദ്ധാർത്ഥന് നേരിടേണ്ടിവന്നത്. അന്ന് രാത്രി 9 മണി മുതലാണ് മർദ്ദനം ആരംഭിച്ചത്.
പ്രതികൾ ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പർ മുറിയിൽ വച്ച് മർദ്ദനം തുടർന്നു.പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചു. 17 ന് പുലർച്ചെ രണ്ട് മണി വരെ മർദ്ദനം തുടർന്നു.
മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്വേഷണസംഘം റിമാന്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 18 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.