പൂജപ്പുര: ബാറില്‍നിന്നു മദ്യപിച്ചിറങ്ങിയ ശേഷമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പൂന്തുറ തപാല്‍ ഓഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റായ മാവേലിക്കര ഭരണിക്കാവ് ഈരിക്കലേത്ത് പുത്തന്‍വീട്ടില്‍ കെ.ജി. പ്രദീപ് പിള്ളയാണ്(51) മരിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ പൂജപ്പുരയിലായിരുന്നു സംഭവം. പൂജപ്പുരയിലെ ബാറില്‍നിന്നു മദ്യപിച്ചിറങ്ങിയവരാണ് സമീപത്തെ യൂണിയന്‍ ബാങ്കിനു മുന്നില്‍ തമ്മിലടിച്ചതെന്ന് പോലീസ് പറയുന്നു.
പൂജപ്പുര മുടവന്‍ മുഗള്‍ റോഡിലെ ഹില്‍പാലസ് എന്ന ലോഡ്ജിലാണ് മരിച്ച പ്രദീപ് പിള്ള വാടകയ്ക്കു താമസിക്കുന്നത്. എന്‍ജിനിയറായ പ്രദീപിന്റെ സഹോദരന്‍ പ്രമോദ് മുംബൈയില്‍ നിന്ന് തിങ്കളാഴ്ച പ്രദീപിന്റെ ലോഡ്ജിലെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെ ഇരുവരും ലോഡ്ജിന് സമീപത്തെ ബാറിലെത്തി. പ്രദേശവാസികളായ മറ്റ് അഞ്ചു യുവാക്കളും ഇരുവരും തമ്മില്‍ ഇടയ്ക്ക് ബാറില്‍ വെച്ചു തര്‍ക്കമുണ്ടായി. ബാര്‍ അടച്ചപ്പോഴാണ് എല്ലാവരും പുറത്തിറ ങ്ങിയത്. തുടര്‍ന്ന് റോഡിലിറങ്ങിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങി.
പ്രദീപിനെയും സഹോദരനെയും യുവാക്കളുടെ സംഘം ക്രൂരമായി മര്‍ദിച്ചു. പ്രദീപിന്റെ തല റോഡില്‍ ഇടിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ പ്രദീപ് കുഴഞ്ഞുവീണു. അടിയേറ്റു വീണ പ്രമോദ് മദ്യലഹരിയില്‍ മയങ്ങിപ്പോയി. ഇതിനിടെ, യുവാക്കളുടെ സംഘം സ്ഥലം വിട്ടു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രമോദ് ഉണര്‍ന്നത്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. സന്ദേശം ലഭിച്ച പൂജപ്പുര പോലീസ് സ്ഥലത്തെത്തി പ്രദീപ് പിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൂജപ്പുര പോലീസ് 3 പേരെ കസ്റ്റഡിയിലെടുത്തു. ബാറിലെയും
പ്രദേശത്തെ ചില സ്ഥാപനങ്ങളിലെയും സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇവരിലൊരാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. പ്രദീപിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച.