പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി പോലീസ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സന്നിധാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.
ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ എ.ഡി.ജി.പി. ഓഫിസ്, എസ്.പി ഓഫിസ്, കളക്ട്രേറ്റ്, പമ്പ പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും.
സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ മൂന്നു സ്‌കാനറുകള്‍, പമ്പ മുതല്‍ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റല്‍ ഡിറ്റക്ടറുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 34 അംഗ ബോംബ് സ്‌ക്വാഡിനെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പോലീസുകാര്‍ക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സിആര്‍പിഎഫ്, 60 അംഗ എന്‍.ഡി.ആര്‍.എഫ്, 13 അംഗ കമാന്‍ഡോ തുടങ്ങിയവരെ വിന്യസിച്ചിട്ടുണ്ട്.