തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നിലനിൽക്കുന്നതിനിടെയാണ് പൊലീസ് അരിയുടെ
വില്പന തടഞ്ഞത്.
ഏഴാം വാർഡിൽ ഈ വരുന്ന വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു.എന്നാൽ ഭാരത് അരിയുടെ വിതരണത്തിൽ രാഷ്‌ട്രീയ പോരിന്റെ ആവശ്യമില്ലെന്നും രാജ്യത്താകെ ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി.
സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി. മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ലെന്ന് ടി എൻ പ്രതാപൻ എം പി നേരത്തെതുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, സുരേഷ് ഗോപിക്ക് ജയിക്കാൻ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.
ഭാരത് അരിക്കെതിരെ വി കെ ശ്രീകണ്ഠൻ എം പിയും രംഗത്തെത്തിയിരുന്നു. ഭാരത് അരി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാർ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻസിസിഎഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാൽ ബിജെപി നേതാക്കളാണ് അരി വിതരണം ഉദ്ഘാനം ചെയ്തത്.
ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. ജില്ലയിലെ കർഷകർ ദുരിതത്തിൽ കഴിയുമ്പോൾ, തിരഞ്ഞെടുപ്പ് നാടകം കളിക്കുന്ന ബിജെപി കർഷകരോട് മാപ്പ് പറയണമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. വോട്ട് ലക്ഷ്യമിട്ടുള്ള ഭാരത് അരി പാലക്കാട് വേവില്ല. ഇത്തരത്തിലുള്ള അരി വിതരണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.