വണ്ടിപ്പെരിയാർ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
പ്രതി പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. പ്രതിയായ പാൽരാജ് മനഃപൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.
കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതി അർജുന്റെ പിതൃസഹോദരനാണ് പാൽരാജ്. ശനിയാഴ്ച രാവിലെ 10.30 നു പശുമല ജംക്‌ഷനിൽവച്ചാണ് പെൺകുട്ടിയുടെ പിതാവിനെ ഇയ്യാൾ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.പെൺകുട്ടിയുടെ പിതാവിന്റെ നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും.
ഇവർ വണ്ടിപ്പെരിയാർ ജംഗ്ഷനിൽ എത്തിയപ്പോൾ,പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ചു.തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തു. ഇതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു പാൽരാജ് കുത്തുകയായിരുന്നു.
തടസ്സം പിടിക്കാൻ എത്തുന്നതിനിടെയാണു മുത്തച്ഛനു തോളിൽ പരിക്കോറ്റത്. ഉടൻ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.