കണ്ണൂർ: കണ്ണൂരിൽ ഗവ.നഴ്സസ് അസോസിയേഷന്റെ (കെജിഎൻഎ) സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം.വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, എംഎൽഎ വിജിന്റെ പേര് എഫ്ഐആറിൽ ഇല്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്ടറേറ്റ് വളപ്പിൽ അതിക്രമിച്ചു കയറിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.കേസെടുക്കുന്നതിനെ ചൊല്ലി ടൗൺ എസ്ഐയും എംഎൽഎയും തമ്മിൽ വ്യാഴാഴ്ച വാക്കേറ്റം ഉണ്ടായിരുന്നു. തന്നെ അപമാനിച്ചെന്നു പറഞ്ഞ് എസ്ഐക്കെതിരെ എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
വ്യാഴാഴ്ച സംഘടിപ്പിച്ച് കേരള ഗവൺമെന്‍റ് നഴ്സസ് അസോസിയേഷന്‍റെ മാർച്ച് ഉദ്ഘാടകനായിരുന്നു എംഎൽഎ.ഉച്ചയ്ക്ക് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചെത്തിയപ്പോൾ തടയാൻ പൊലീസുണ്ടായിരുന്നില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാർ അകത്തുകയറി. കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി. അകത്തു കയറിയവർക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി.
സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്ചയെന്നും അതിന്‍റെ പേരിൽ കേസും ഭീഷണിയും വേണ്ടെന്നും എംഎൽഎ പറഞ്ഞു. ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ അടുത്തെത്തി പേര് ചോദിച്ചു. ഇതും പ്രകോപനമായി. എസ്ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎൽഎ ആരോപിച്ചു. വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്ഐക്കെതിരെ കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി. സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗൺ സിഐയോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.