വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് പൊലീസ്. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പൊലീസ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്.
കുട്ടികളുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുട്ടികളുടെ മരണകാരണം വെളിപ്പെടുത്തൂവെന്നും പൊലീസ് അറിയിച്ചു.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.
സംഭത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിരുന്നു.
ആനന്ദിന്റെ സഹോദരന്‍ കാലിഫോര്‍ണിയയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.