പാകിസ്താനിൽ പിഎംഎൽ-എൻ, പിപിപി സഖ്യ സർക്കാർ രൂപീകരിക്കും; ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി, പ്രസിഡന്റ് ആസിഫ് അലി സർദാരി

പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും പാകിസ്താന് വേണ്ടി ചേർന്ന് പ്രവർത്തിക്കും. യോജിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞുവെന്നും നേതാക്കൾ വ്യക്തമാക്കി

author-image
Greeshma Rakesh
New Update
പാകിസ്താനിൽ പിഎംഎൽ-എൻ, പിപിപി സഖ്യ സർക്കാർ രൂപീകരിക്കും; ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി, പ്രസിഡന്റ് ആസിഫ് അലി സർദാരി

ഇസ്ലാമാബാദ്: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാർ രൂപീകരിക്കാനൊരുങ്ങി പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും. സ്ഥാനങ്ങൾ സംബന്ധിച്ച് ധാരണയിൽ എത്തിയതായി പാർട്ടി നേതൃത്വം അറിയിച്ചു. പിഎംഎൽ എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വ്യക്തമാക്കി.

അതെസമയം പിപിപി കോ ചെയർമാൻ ആസിഫ് സർദാരി പാകിസ്താന്റെ പ്രസിഡന്റായും ചുമതലയേൽക്കും. ചൊവ്വാഴ്ച രാത്രി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.സഖ്യ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ അംഗങ്ങൾ തികഞ്ഞ് കഴിഞ്ഞു. പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും പാകിസ്താന് വേണ്ടി ചേർന്ന് പ്രവർത്തിക്കും. യോജിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞുവെന്നും നേതാക്കൾ വ്യക്തമാക്കി.

 

മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്ഥാൻ, പാകിസ്ഥാൻ മുസ്‌ലിം ലീഗ്, ഇസ്തകാം-ഇ-പാകിസ്ഥാൻ പാർട്ടി തുടങ്ങിയ പാർട്ടികൾ സർക്കാർ രൂപീകരണ ശ്രമത്തിൽ പിഎംഎൽ-എന്നിനെയും പിപിപിയെയും പിന്തുണച്ചതായി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.നിലവിലുള്ള പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ വരാനിരിക്കുന്ന സർക്കാർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിപിപിയും പിഎംഎൽ-എന്നും തമ്മിലുള്ള പ്രധാന ഭരണഘടനാ ഓഫീസുകൾ പങ്കിടുന്നതിൻ്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ പിന്തുണയിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സഖ്യമാണ് ഏറ്റവും അധികം സീറ്റുകൾ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷം നേടാൻ ഇവർക്ക് സാധിക്കാത്തതിനെ തുടർന്നാണ് പിപിപിയും പിഎംഎൽ എന്നും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചത്. പിഎംഎൽ എൻ 75 സീറ്റുകളും പിപിപി 54 സീറ്റുകളുമാണ് നേടിയത്. 17 സീറ്റുകൾ നേടിയ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താൻ എന്ന പാർട്ടിയും സഖ്യ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Coalition Government PML-N pakistan PPP pakistan election 2024 Shehbaz Sharif Asif Ali Zardari