ന്യൂഡല്‍ഹി:പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത്തവണ ഹിമാചല്‍ പ്രദേശിലെ ലെപ്ചയിലെ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷം. എല്ലാ വര്‍ഷവും യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി മോദി ഇവിടെ സന്ദര്‍ശിക്കാറുണ്ട്.
പ്രധാനമന്ത്രി തന്നെയാണ് തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചത്.സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുന്ന ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
'അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്ന്, നമ്മുടെ രാജ്യത്തിന്റെ ഈ കാവല്‍ക്കാര്‍ അവരുടെ സമര്‍പ്പണത്താല്‍ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു,' അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
'താന്‍ എല്ലാ ദീപാവലിയും അതിര്‍ത്തികളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ചെലവഴിച്ചത്.എന്റെ ഉത്സവം നിങ്ങള്‍ എവിടെയാണോ അവിടെയാണ്, ഞാന്‍ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാത്തപ്പോള്‍ പോലും, എല്ലാ ദീപാവലിയിലും ഞാന്‍ സൈനികരെ സന്ദര്‍ശിക്കും'- ലെപ്ചയില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള എല്ലാ പൂജകളിലും നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന സൈനികര്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. സൈനികരെ വിന്യസിച്ചിരിക്കുന്ന സുരക്ഷാ പോസ്റ്റുകള്‍ ക്ഷേത്രങ്ങളേക്കാള്‍ കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ വന്നതു മുതല്‍ അതിര്‍ത്തികളിലുള്ള സുരക്ഷാസേനയ്ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ഈ സന്ദര്‍ശനങ്ങളില്‍ അദ്ദേഹം യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുമായി സമയം ചെലവഴിക്കും.
ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി സിയാച്ചിന്‍ ഹിമാനികള്‍ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ പഞ്ചാബിലെ അതിര്‍ത്തിയിലായിരുന്നു.
അടുത്ത വര്‍ഷം ഹിമാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിക്കടുത്തായിരുന്നു. 2017ലാകട്ടെ കശ്മീരിലെ ഗുരെസ് സെക്ടറിലായിരുന്നു. 2018 ദീപാവലിക്ക് ഉത്തരാഖണ്ഡിലെ ഹര്‍സിലിലായിരുന്നു പ്രധാനമന്ത്രി.2019ല്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗരിയിലായിരുന്നു.
2020 ദീപാവലിക്ക് പ്രധാനമന്ത്രി ജയ്സാല്‍മീറിലെ ലോംഗേവാലയും അതിനു ശേഷമുള്ള വര്‍ഷം ജമ്മു കശ്മീരിലെ നൗഷേരയും സന്ദര്‍ശിച്ചു. 2022ല്‍ ദീപാവലി ദിവസം അദ്ദേഹം കാര്‍ഗിലില്‍ ഉണ്ടായിരുന്നു.