ചെന്നൈ: ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി.ജനുവരി 20, 21 തീയതികളിൽ മോദി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി കോതണ്ഡരാമസ്വാമി ക്ഷേത്രം എന്നിവ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.
ജനുവരി 20 ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.ശേഷം, ഏകദേശം 2 മണിക്ക് മോദി രാമേശ്വരത്ത് എത്തുകയും ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുകയും ചെയ്യും.
തുടർന്ന് ജനുവരി 21 ന് പ്രധാനമന്ത്രി ധനുഷ്‌കോടി കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. ധനുഷ്‌കോടിക്ക് സമീപം, രാമസേതു നിർമ്മിച്ച സ്ഥലമെന്ന് പറയപ്പെടുന്ന അരിചാൽ മുനൈയും പ്രധാനമന്ത്രി സന്ദർശിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്ന മൂന്ന് ക്ഷേത്രങ്ങളെക്കുറിച്ചറിയാം.
ശ്രീ രംഗനാഥസ്വാമി ക്ഷേത്രം
തിരുച്ചിറപ്പള്ളിയിൽ സ്ഥിതിച്ചെയ്യുന്ന രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. പുരാണങ്ങളിലും സംഘകാല ഗ്രന്ഥങ്ങളിലും ഉൾപ്പെടെ പുരാതന ഗ്രന്ഥങ്ങളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥർക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. രംഗനാഥസ്വാമി ക്ഷേത്രം, രംഗനാഥർ ക്ഷേത്രം, ശ്രീ രംഗനാഥ ക്ഷേത്രം തുടങ്ങിയ പേരുകളിലും ശ്രീരംഗം ക്ഷേത്രം അറിയപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ശയിക്കുന്ന രൂപമായ ശ്രീ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹവും അയോദ്ധ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വൈഷ്ണവ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. ശ്രീരാമനും പൂർവ്വികരും ആരാധിച്ചിരുന്ന വിഷ്ണുവിന്റെ ചിത്രം ലങ്കയിലേക്ക് കൊണ്ടുപോകാൻ വിഭീഷണന് നൽകിയതാണെന്നാണ് വിശ്വാസം. വഴിയിൽ ശ്രീരംഗത്തിൽ ഈ വിഗ്രഹം സ്ഥാപിച്ചു.
രാമേശ്വരത്തെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം
ശിവന്റെ രൂപമായ ശ്രീരാമനാഥസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാമേശ്വരം എന്ന ദ്വീപിനകത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ ഭരണകാലത്താണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രാമലിംഗം , വിശ്വലിംഗം എന്നിങ്ങനെ രണ്ട് ലിംഗ പ്രതിഷ്ഠകളുണ്ട് ഈ ക്ഷേത്രത്തില്‍.
മണലുകൊണ്ട് സീതാ ദേവിയാണ് രാമ ലിംഗം നിര്‍മ്മിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാസത്തില്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശ്വലിംഗത്തിന് അഭിഷേകം കഴിഞ്ഞെ മറ്റ് പൂജകൾ ഇവിടെ തുടങ്ങാറുള്ളൂ. മനോഹരമായ വാസ്തുവിദ്യയ്‌ക്ക് പേരുകേട്ട ഒരു ക്ഷേത്രം കൂടിയാണിത്.
കോതണ്ഡരാമസ്വാമി ക്ഷേത്രം
രാമേശ്വരത്തിന്റെ തെക്കേ അറ്റമായ ധനുഷ്കോടിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കോതണ്ഡരാമസ്വാമി ക്ഷേത്രം. കടലിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 500 വർഷത്തോളം പഴക്കമുണ്ട്. രാമന്റെ കാൽപാടുകൾ (തൃപ്പാദങ്ങൾ) ഈ ക്ഷേത്രത്തിൽ നിന്നും കാണാൻ സാധിക്കുമെന്നും പറയപ്പെടുന്നുണ്ട്.
കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. വിഭീഷണൻ ശ്രീരാമനെ ആദ്യമായി കാണുകയും അഭയം തേടുകയും ചെയ്തതെന്നാണ് വിശ്വാസം. രാവണന്റെ ഇളയ സഹോദരനായ വിഭീഷണൻ ഇവിടെ വച്ചാണ് തന്റെ സൈന്യത്തോടൊപ്പം രാമനിൽ അഭയം തേടിയ സീതയെ അപഹരിച്ച രാവണനോട് വിഭീഷണൻ അവളെ രാമ സവിധത്തിലേക്ക് തിരികെ കൊണ്ടുവിടാൻ ഉപദേശിച്ചു.
എന്നാൽ രാവണൻ അനുജന്റെ ഉപദേശം ചെവിക്കൊണ്ടില്ല, ഇതോടെ വിഭീഷണൻ ലങ്കയിൽ നിന്ന് പലായനം ചെയ്യുകയും രാമന്റെ കൂടെ ചേരുകയും ചെയ്തു. വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിയപ്പോൾ വാനര സൈന്യം വിഭീഷണനെ ചാരനാണെന്ന് കരുതി സ്വീകരിക്കരുതെന്ന് രാമനോട് അഭ്യർത്ഥിച്ചു.
എന്നാൽ തനിക്ക് കീഴടങ്ങിയവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ധർമ്മമാർഗ്ഗം അനുസരിച്ച് രാമൻ വിഭീഷണനെ സ്വീകരിച്ചു. രാവണനെ വധിച്ചതിനു ശേഷം രാമൻ വിഭീഷണനെ “പട്ടാഭിഷേകം” നടത്തിയത് ഈ സ്ഥലത്ത് വെച്ചാണ്.വിഭീഷണനൊപ്പം രാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്. വിഭീഷണന്റെ പട്ടാഭിഷേകത്തിന്റെ കർമങ്ങൾ രാമൻ ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.