ന്യൂഡൽഹി : കോൺഗ്രസ് സർക്കാർ രാജസ്ഥാന്റെ പ്രശസ്തിക്കും സൽപ്പേരിനും കോട്ടം വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അശോക് ഗെലോട്ട് സർക്കാരിന്റെ നടപടികളിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് എഴുതിയ തുറന്ന കത്തിലാണ് കോൺഗ്രസിനെതിരെയുള്ള ആരോപണം.
കഴിഞ്ഞ അഞ്ച് വർഷമായുള്ള കോൺഗ്രസ് ഭരണത്തിന്റെ ക്രമസമാധാനപാലനത്തിലെ വീഴ്ച, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, അനിയന്ത്രിതമായ ഭരണം, അഴിമതി എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് രാജസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അഴിമതിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, കോൺഗ്രസ് സർക്കാർ കുറ്റകൃത്യങ്ങളിൽ രാജസ്ഥാനെ ഒന്നാം സ്ഥാനത്താക്കിയെന്നും ആരോപിച്ചു.
പ്രീണന നയം കാരണം കോൺഗ്രസ് സർക്കാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നുവെന്നും അതുവഴി സാമൂഹിക വിരുദ്ധരെ രാജസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചുവെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.
രാജസ്ഥാനിലെ സ്ത്രീകൾ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെസമയം ബിജെപി രാജസ്ഥാന്റെ വികസനത്തെയും അഭിവൃദ്ധിയെയും കുറിച്ച് ചിന്തിക്കാറുണ്ടെന്നും മോദി അവകാശപ്പെട്ടു. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം ജലസ്രോതസ്സുകൾക്ക് മുൻഗണന നൽകുമെന്നും മോദി വാഗ്ദാനം നൽകി.
"ഞങ്ങളുടെ കാഴ്ചപ്പാട് പരിശ്രമത്തിന്റെയും അന്തസ്സിന്റെയും പുരോഗതിയുടെയും പാതയാണ്. രാജസ്ഥാനിൽ വരാനിരിക്കുന്ന ബിജെപി സർക്കാർ ഒരു ഇരട്ട എഞ്ചിൻ സർക്കാരായി പ്രവർത്തിക്കും. ഈ ഇരട്ട എഞ്ചിൻ സർക്കാരിന്, അതിവേഗ വികസനം, പാവപ്പെട്ടവരോടുള്ള ആദരവ്, അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയം എന്നിവ ഭരണത്തിന്റെ അടിസ്ഥാന മന്ത്രങ്ങളായിരിക്കും.- പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
നവംബർ 25-നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3 ന് വോട്ടെണ്ണും.2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 73 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 99 സീറ്റുകളാണ് നേടിയത്.