'പ്രധാനമന്ത്രി 'ചന്ദ്രയാൻ' വിക്ഷേപിച്ചു, സോണിയ 'രാഹുൽയാൻ' വിക്ഷേപിക്കാൻ ശ്രമിക്കുന്നു; അമിത് ഷാ

കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ 'ചന്ദ്രയാൻ' വിക്ഷേപിച്ചു, എന്നാൽ 20-ാം തവണയും രാഹുൽയാൻ വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് സോണിയ ​ഗാന്ധിയെന്ന് അമിത് ഷാ പരിഹസിച്ചു

author-image
Greeshma Rakesh
New Update
 'പ്രധാനമന്ത്രി 'ചന്ദ്രയാൻ' വിക്ഷേപിച്ചു, സോണിയ 'രാഹുൽയാൻ' വിക്ഷേപിക്കാൻ ശ്രമിക്കുന്നു; അമിത് ഷാ

മുംബൈ: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ ‘ചന്ദ്രയാൻ’ വിക്ഷേപിച്ചു, എന്നാൽ 20-ാം തവണയും രാഹുൽയാൻ വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് സോണിയ ഗാന്ധിയെന്ന് അമിത് ഷാ പരിഹസിച്ചു.

മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടന്ന യുവജന കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

‌‌"ഈ പാർട്ടികൾക്ക് ആഭ്യന്തര ജനാധിപത്യമില്ല, അവർക്ക് എങ്ങനെ ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയും? തങ്ങളുടെ മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം.സോണിയാഗാന്ധി തൻ്റെ മകൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു, ഉദ്ധവ് താക്കറെ തൻ്റെ മകൻ ആദിത്യയെയും ശരദ് പവാർ മകൾ സുപ്രിയ സുലെയെയും മുഖ്യമന്ത്രിയാക്കാക്കാൻ ആഗ്രഹിക്കുന്നു.അതെസമയം മമത ബാനർജി അവരുടെ അനന്തരവൻ (അഭിഷേക്) മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ്. എംകെ സ്റ്റാലിൻ തൻ്റെ മകൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനാണ് ആഗ്രഹിക്കുന്നത്.വികസിത ഭാരതം കെട്ടിപ്പെടുക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം. യുവാക്കളുടെ മികച്ച ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുക''- അമിത് ഷാ പറഞ്ഞു.

"മഹാരാഷ്ട്ര 50 വർഷമായി ശരദ് പവാറിനെ സഹിക്കുന്നു, എന്നാൽ നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ട്രാക്ക് റെക്കോർഡ് നോക്കൂ. ഈ കുടുംബവാഴ്ച പാർട്ടികൾക്കൊന്നും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല," ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച അദ്ദേഹം 70 വർഷമായി കോൺഗ്രസ് സർക്കാരിന് ചെയ്യാൻ കഴിയാത്ത കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ പ്രധാനമന്ത്രി മോദിയ്ക്ക കഴിഞ്ഞുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

 

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പാർട്ടി നേതാക്കൾ, യുവജന പ്രവർത്തകർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെത്തിയ അമിത് ഷാ ബിജെപിയു‌ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു.

ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലെത്തിയത്. തിരഞ്ഞെ‌ടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. അമിത് ഷായുടെ നേതൃത്വത്തിൽ യോഗങ്ങളും നടന്നു.

maharashtra congress AMIT SHA loksabha election 2024 sonia gandhi