ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് മനസും ശരീരവും ശുദ്ധീകരിക്കുന്നതിനായി 11 ദിവസത്തെ വ്രതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുഷ്ഠിക്കുന്നത്.രാജ്യത്തിന്റെ പലഭാഗത്തായുള്ള വിവിധ പരിപാടികളുൾപ്പെടെ ഏറെ തിരക്കുകൾക്കിടയിലും വ്രതാനുഷ്ഠാനത്തിന് മോദി യാതൊരു മുടക്കം വരുത്തുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 22-ന് അയോധ്യയിൽ നടക്കുന്ന പ്രാണ-പ്രതിഷ്ഠയ്ക്ക് മനസ്സും ശരീരവും ശുദ്ധീകരിക്കാൻ പ്രധാനമന്ത്രി പാലിക്കേണ്ട ഒരു കൂട്ടം നിയമങ്ങളുണ്ട്. സാത്വിക ജീവിതശൈലിയും ധ്യാനവും ഉൾപ്പെടുന്ന ആചാരങ്ങൾ ജനുവരി 12 ന് അദ്ദേഹം ആരംഭിച്ചിരുന്നു.
തറയിൽ പുതപ്പ് വിരിച്ച് അതിലാണ് പ്രധാനമന്ത്രിയുടെ ഉറക്കം.അതിരാവിലെ പ്രാർത്ഥനകൾക്കായി എഴുന്നേൽക്കുന്നു. തുടർന്ന് ധ്യാനവും പ്രാർത്ഥനകളും. കരിക്കിൻ വെള്ളം മാത്രമാണ് കുടിക്കുന്നത്.സാത്വിക ഭക്ഷണ രീതിയാണ് അദ്ദേഹം പിന്തുടരുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.
രാമക്ഷേത്രത്തിന്റെ ശുഭ മുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിയുന്നതിൽ ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഭാരതീയരെ പ്രതിനിധീകരിക്കാൻ ദൈവം തിരഞ്ഞെടുത്തത് തന്നെയാണെന്നും എല്ലാവരിൽ നിന്നും അനുഗ്രഹം തേടുന്നുവെന്നും 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.രാമക്ഷേത്രത്തിന്റെ ശുഭ മുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിയുന്നതിൽ ഭാഗ്യവാനാണെന്നും മോദി പറഞ്ഞു.
അതെസമയം രാമൻ വനവാസം നയിച്ചെന്ന് വിശ്വസിക്കപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും പ്രധാനമന്ത്രി ദർശനം നടത്തി. നാസിക്കിലെ പഞ്ചവടി ക്ഷേത്രം, കേരളത്തിലെ തൃപ്രയാർ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം ആന്ധ്രാപ്രദേശിലെ വീരഭദ്ര ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ പ്രധാനമന്ത്രി സന്ദർശനം നടത്തി.ജനുവരി 20, 21 തീയതികളിൽ മോദി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി കോതണ്ഡരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങും സന്ദർശിക്കും.
.