ബെംഗളൂരു: വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ.പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ തുടക്കം കുറിക്കും.നൈപുണ്യ പഠനവും പരിശീലനവും പദ്ധതി പ്രകാരം നൽകും.വ്യോമയാന മേഖലയിലെ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
Science, Technology, Engineering, and Maths (STEM) മേഖലകളിൽ പഠനങ്ങൾ നടത്താനും പരിശീലനം നൽകാനും പ്രോഗ്രാം അവസരമൊരുക്കും. STEM മേഖലകളിലെ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രോഗ്രാമിൽ പെൺകുട്ടികളെ പങ്കെടുപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം 150 STEM ലാബുകളും പദ്ധതി പ്രകാരം സ്ഥാപിക്കും.മാത്രമല്ല പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും പദ്ധതി വഴി നൽകും.
ദേവനഹള്ളിയിലെ ബോയിംഗിന്റെ പുതിയ കാമ്പസായ ബോയിംഗ് ഇന്ത്യ എൻഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി സെന്ററിന്റെ (ബിഐഇടിസി) ഉദ്ഘാടനവും പ്രധാനമന്ത്രി വെള്ളിയാഴ്ച നിർവഹിക്കും. ആഗോള തലത്തിൽ എയ്റോ സ്പേസ്, പ്രതിരോധ വ്യവസായത്തിൽ കുതിപ്പിന് ബിഐഇടിസി വഴിവെക്കും. വരും തലമുറ ഉത്പന്നങ്ങളും മറ്റും വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കാമ്പസിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.