കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എന്‍ഡിഎയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ആദ്യവാരം കേരളത്തില്‍ എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയത്ത് നടന്ന എന്‍ഡിഎ സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കും.
സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ജനുവരിയില്‍ പദയാത്ര സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ക്രിസ്മസ് ദിന സന്ദേശം നല്‍കുന്നതിന് എല്ലാ ക്രിസ്ത്യന്‍ കുടുംബങ്ങളും സന്ദര്‍ശിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
'സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിണറായി സര്‍ക്കാരാണ് ഉത്തരവാദി. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകള്‍ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുന്നില്ല.
ഭൂമിയുടെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നബാര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്‍.ഡി.എഫ്. ഏതാണ് യു.ഡി.എഫ്. ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.