കോഴിക്കോട്: കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെന്‍ഷന്‍ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാന്‍ഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി.
സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്.
ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതില്‍ നികുതി വിഹിതം കുറഞ്ഞു. 2018 മുതല്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ ഉള്ള വിവിധ തുകകള്‍ ആണ് മുടങ്ങിയത്. യുജിസി ഗ്രാന്‍ഡ് ഇനത്തില്‍ സംസ്ഥാനം കൊടുത്ത് തീര്‍ത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്.
സമയാസമയങ്ങളില്‍ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളില്‍ കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നല്‍കുന്നില്ല.മന്ത്രി പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണം നടക്കുന്നുവെന്നും വിധവ-വാര്‍ദ്ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ലെന്ന പ്രചരണമടക്കം തെറ്റാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന്‍ തലസ്ഥാനത്ത് പറഞ്ഞത്.
കേന്ദ്രവിഹിതം സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും ഒക്ടോബര്‍ വരെയുള്ള സംസ്ഥാനത്തിന്റെ അപേക്ഷകളിലെല്ലാം കൃത്യമായ തുക അനുവദിച്ചിട്ടുണ്ടെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.