തിരുവനന്തപുരം: കോളേജ് പാഠ്യപദ്ധതി നാലുവര്‍ഷത്തേക്ക് മാറുന്നതോടെ, ഗവേഷകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി നേരിട്ട് പിഎച്ച്ഡിയിലേക്ക് പ്രവേശനം നേടാന്‍ സാധിക്കും. ഇതിനായി നാലുവര്‍ഷ ബിരുദത്തില്‍ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന കോഴ്‌സും കൂടി ഉള്‍പ്പെടുത്തും. ഇത് പാസാവുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പിജി പംനം ലാഭിച്ച് പിഎച്ച്ഡിയില്‍ പ്രവേശനം നേടാവുന്നതാണ്. ഓണേഴ്‌സ് കോഴ്‌സിലുള്ളവര്‍ ഒരു അധ്യാപകന് കീഴില്‍ നിര്‍ബന്ധമായും ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കേണ്ടതാണ്.
മൂന്നുവര്‍ഷം കഴിഞ്ഞാല്‍ താല്‍പര്യമുള്ളവര്‍ക്ക് ബിരുദം നേടി പുറത്തുപോവാന്‍ അവസരമൊരുക്കുന്നതാണ് പാഠ്യപദ്ധതി പരിഷ്‌കാരം. ബിരുദം തുടരേണ്ടവര്‍ക്ക് നാലാംവര്‍ഷം പഠിച്ചാല്‍ ഓണേഴ്‌സ് ലഭിക്കും. ഇക്കൂട്ടത്തിലാണ് ഗവേഷണത്തിനുള്ള കോഴ്‌സ് പ്രത്യേകം ഉള്‍പ്പെടുത്തിയത്. മൂന്ന് വര്‍ഷത്തെ ആറ് സെമസ്റ്ററുകളില്‍ 75 ശതമാനം മാര്‍ക്ക് ഉണ്ടെങ്കിലേ ഈ കോഴ്‌സിന് ചേരാനാകൂ. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പാസായാല്‍ പിജി കോഴ്‌സ് ചെയ്യാതെ തന്നെ പിഎച്ച്ഡിക്ക് പ്രവേശനം നേടാവുന്നതാണ്. എന്നാല്‍, നിലവിലെ യോഗ്യതാ വ്യവസ്ഥകളില്‍ ഇളവുണ്ടാകില്ല.
മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഏഴും എട്ടും സെമസ്റ്ററുകളില്‍ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പഠിക്കാവുന്നതാണ്. ആഴത്തിലുള്ള പഠനത്തിനായി മുഖ്യവിഷയത്തില്‍ മൂന്നുകോഴസുകള്‍ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന അഞ്ചു വിഷയങ്ങളില്‍ മൂന്നെണ്ണം ഗവേഷണ കേന്ദ്രിതമായിരിക്കണം. മറ്റ് രണ്ടെണ്ണം ഓണ്‍ലൈനായും പഠിക്കാവുന്നതാണ്.
പഠനവകുപ്പുകളുടെ ഭാഗമായി ഗവേഷണ കേന്ദ്രങ്ങളുള്ള കോളേജുകള്‍ക്ക് ഈ കോഴ്‌സ് ആരംഭിക്കാവുന്നതാണ്. ഈ കോളേജുകളില്‍ ഗവേഷണ ബിരുദമുള്ള രണ്ട് സ്ഥിരം അധ്യാപകരുണ്ടെങ്കില്‍ കോഴ്‌സ് തുടങ്ങാം. എന്നാല്‍ ഇതിന് സര്‍വകലാശാലയുടെ പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ വേണ്ടത്ര ഗവേഷണ കേന്ദ്രങ്ങള്‍ ഇല്ലാത്തത് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.