തിരുവനന്തപുരം: പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടിയുമായി തിങ്കളാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തും.തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പ്രതി പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.
സ്ഥിരമായി പോക്‌സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ചെയ്യുന്ന ആളാണെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.ഞായറാഴ്ച കൊല്ലത്ത് നിന്നാണ് പ്രതിയെ ഹസന്‍ കുട്ടി എന്ന കബീറിനെ പൊലീസ് പിടികൂടിയത്. പല കേസുകളിലും പ്രതിയാണ് ഇയ്യാൾ. 2022 ല്‍ പെണ്‍കുട്ടിയെ മിട്ടായി കൊടുത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചതുൾപ്പെടെ പോക്‌സോ കേസിലും മോഷണക്കേസിലും പ്രതിയാണ്.കേസിൽ ജനുവരി 12 നാണ് ജയിലില്‍ നിന്നിറങ്ങിയത്.സിസിടിവി ദൃശ്യങ്ങളും ജയിലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ നിര്‍ണ്ണായകമായത്.
പ്രതിക്കെതിരെ ക്ഷേത്രത്തിലെ മോഷണക്കേസ് ഉള്‍പ്പടെ നിലിവിൽ 8 കേസുകളുണ്ട്.കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്നു.ശേഷം ലിഫ്റ്റ് ചോദിച്ച് തമ്പാനൂര്‍ ഭാഗത്തേക്ക് വന്നു. പിന്നീട് ബസ് കയറി ആലുവയിലേക്ക് പോയെന്നാണ് പ്രതി പറയുന്നത്.സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയാലേ പ്രതി പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡ് ചെയ്ത ശേഷവും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് അപേക്ഷ നല്‍കും.