ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് 7 സുരക്ഷ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു.
ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഉയരുന്നുണ്ട്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 2 മണി വരെ നിര്‍ത്തിവച്ചു.അതേസമയം, മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ 22 ആം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. യുവാക്കള്‍ അതീവ സുരക്ഷാ സന്നാഹങ്ങളെല്ലാം മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ പ്രവേശിച്ച് പ്രതിഷേധിച്ചത്.
ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് പുലര്‍ച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞതായാണ് സൂചന.
ജനുവരി മുതല്‍ തന്നെ പദ്ധതിയിടാന്‍ തുടങ്ങിയിരുന്നു. കേസില്‍ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്.പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കി.