സിയോൾ∙ ദക്ഷിണ കൊറിയൻ നടൻ ലീ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 2020ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ 'പാരസൈറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് ലീ. ബുധനാഴ്ച രാവിലെയാണ് സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ലീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ കത്തിക്കാൻ ഉപയോഗിക്കുന്ന കൽക്കരി കഷ്ണങ്ങൾ വാഹനത്തിൽനിന്നു കണ്ടെത്തി. യോൻഹാപ്പ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.48 കാരനായ ലീ, കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ചുവെന്നാരോപിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
മരിജുവാന തുടങ്ങിയ ലഹരികൾ ലീ കൂടുതലായി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. ലഹരിക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളിൽനിന്നും മറ്റു വാണിജ്യ പദ്ധതികളിൽനിന്നു ഒഴിവാക്കിയിരുന്നു
ദക്ഷിണ കൊറിയയിലെ പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ലീ, 2001-ൽ "ലവേഴ്സ്" എന്ന ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.
പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി. സംവിധായകൻ ബോംഗ് ജൂൻ ഹോയുടെ "പാരസൈറ്റ്" എന്ന ചിത്രത്തിലെ ഗോത്രപിതാവെന്ന കഥാപാത്രത്തിലൂടെയാണ് ആഗോളതലത്തിൽ അദ്ദേഹം ശ്രദ്ധേയനായത്.അദ്ദേഹത്തിന്റെ അവസാന സിനിമ ഈ വർഷം പുറത്തിറങ്ങിയ ഹൊറർ ചിത്രമായ സ്ലീപ്പ് ആണ്.ചിത്രം നിരൂപക പ്രശംസ നേടുകയും കാൻ ഫെസ്റ്റിവലിലെ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.