ഡൽഹി: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ 92 ഇടങ്ങളില്‍ നിന്നായി 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.
ഇന്ത്യക്കാരെ ഒന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ വെളിപ്പെടുത്തൽ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ ര്വെളിപ്പെടുത്തൽ. ഈ ഫോസിലുകള്‍ക്ക് 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു.മാത്രമല്ല ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു.
എന്നാൽ മറ്റു ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷൻ പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ലമെറ്റ ഫോർമേഷനുകൾ ഗവേഷകര്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലും ഫോസിലുകൾ ഉണ്ടായേക്കാമെന്ന് സംശമുണ്ട്. ഈ സ്ഥലങ്ങളില്‍ നിന്ന് സസ്തനികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
നര്‍മദാ തീരം ദിനോസറുകളുടെ പ്രജനന കേന്ദ്രമായിരുന്നുവെന്നും മുട്ടയിടാനും വിരിയിക്കാനുമായി ദിനോസറുകള്‍ ഇവിടെ എത്തിയിരുന്നതായും സൂചനകളുണ്ട്. ദിനോസറുകള്‍ക്ക് ജീവിക്കാനാവശ്യമായ പരിതസ്ഥിതിയും ഭക്ഷണലഭ്യതയുമായിരിക്കാം ഇങ്ങോട്ടേക്ക് ആകർഷിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഗുജറാത്തിലെ ബലാസിനോറില്‍ നിന്നും നേരത്തെയും ദിനോസറുകളുടെ മുട്ട കണ്ടെത്തിയിരുന്നു.
ധറില്‍ ദിനോസറുകളുടെ മുട്ട നാട്ടുകാര്‍ കുലദേവതയെന്ന് കരുതി ആരാധിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.