ഇസ്ലാമാബാദ്: ഒരു വർഷത്തെ രാഷ്‌ട്രീയ അനശ്ചിതത്വത്തിന് ശേഷം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങി പാകിസ്താൻ.16-ാമത് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലീം ലീഗ് -എൻ, മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന പാർട്ടികൾ.
നാല് പ്രവിശ്യാ അസംബ്ലികൾക്കൊപ്പം പാർലമെൻ്റിൻ്റെ അധോസഭയായ നാഷണൽ അസംബ്ലിയിലെ 336 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ നാല് പ്രവിശ്യാ അസംബ്ലികളിലേക്കും 18,000 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്താനിൽ ഭരിച്ചിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീകെ ഇൻസാഫ് സ്ഥാനാർത്ഥികളെ സ്വതന്ത്രരായി നിർത്തും.തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങൾക്കായി കോമൺവെൽത്ത് ഒബ്‌സർവർ ഗ്രൂപ്പ് പ്രതിനിധി സംഘം പാകിസ്താനിലെത്തി.
നൈജീരിയയുടെ മുൻ പ്രസിഡൻ്റ് ഗുഡ്‌ലക്ക് എബെലെ ജോനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്. രാജ്യത്തുടനീളം വോട്ടെടുപ്പ് ദിവസം സമാധാനപരവും തടസ്സരഹിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഏറ്റവും മികച്ച ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് കാവൽ പ്രധാനമന്ത്രി അൻവറുൾ ഹഖ് കക്കർ പറഞ്ഞു.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നത്. രാജ്യത്തിന്റെ രാഷ്‌ട്രീയ അനാഥത്വം ആഗോളതലത്തിൽ പ്രതിശ്ചായക്ക് കടുത്ത മങ്ങലേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു.