കൊല്ലം: ഓയൂർ കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടു. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽനിന്ന് പൊലീസിനു ലഭിച്ചു.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ എഴുതിവെച്ചു. കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നുംപറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി.
ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു. കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പല കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത് പൊലീസ് കണ്ടെത്തി. കാറ്റാടിയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികൾ പലയിടത്തും കറങ്ങിനടന്നു. രാത്രി ഏഴുമണിയോടെയാണ് ഇവർ വീട്ടിലെത്തിയത്.
കുട്ടിയെ അനുപമയ്‌ക്കൊപ്പം ഇരുത്തിയശേഷം പദ്മകുമാറും ഭാര്യയും പുറത്തുപോയി ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങി. മടങ്ങി വീട്ടിലെത്തിയശേഷം ടി.വി. കാണുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായതായി അറിയുന്നത്. അതിനുശേഷമാണ് കുട്ടിയെ ഒഴിവാക്കാൻ ആലോചന തുടങ്ങിയത്.
കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമിൽ ഞായറാഴ്ച നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്‌സ് ഫാമിൽനിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു.
ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടിൽവച്ച് ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.
ഞായറാഴ്ച രാവിലെ 10.45-നാണ് പദ്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകൾ അനുപമയെയും ഫാമിൽ എത്തിച്ചത്. അവിടെനിന്ന് നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. മൊബൈൽ ഫൊറൻസിക് യൂണിറ്റ് അംഗങ്ങളും ഫാമിലെ വിവിധയിടങ്ങൾ പരിശോധിച്ചു.
അനിതകുമാരിയെ അടുത്തുള്ള വയലിനരികിലേക്ക് കൊണ്ടുപോയും തെളിവെടുത്തു. ഫാം ഹൗസിലെ ജീവനക്കാരി ഷീബയിൽനിന്നു വിവരങ്ങൾ തേടി.കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം പ്രതികൾ ഫാം ഹൗസിലെത്തിയിരുന്നു. മാമ്പള്ളികുന്നത്തെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ ഇവിടേക്ക് മാറ്റാനായിരുന്നു ഇത്.
അന്ന് ഫാമിൽ എത്തിയതിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. 12.15-ന് തെളിവെടുപ്പ് പൂർത്തിയാക്കി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടങ്ങി. പ്രതികളെ ഫാമിൽ എത്തിക്കുന്നതറിഞ്ഞ് പരിസരവാസികൾ റോഡിനുമുന്നിൽ തടിച്ചുകൂടിയിരുന്നു.അതേസമയം പത്മകുമാറിന്റെ തെങ്ങുവിളയിലെ ഫാം ഹൗസ് സംബന്ധിച്ച് ദുരൂഹതകൾ നീങ്ങുന്നില്ല.