ജൈവകൃഷി പ്രോത്സാഹനത്തിനു ജൈവ കാർഷിക മിഷൻ;ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും

ഓരോ വർഷവും കുറഞ്ഞത് 10,000 ഹെക്ടർ വീതം സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി ചെയ്യുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

author-image
Greeshma Rakesh
New Update
ജൈവകൃഷി പ്രോത്സാഹനത്തിനു ജൈവ കാർഷിക മിഷൻ;ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാർഷിക മിഷൻ രൂപീകരിച്ച് കേരള സർക്കാർ.കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി. പ്രസാദ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

ഓരോ വർഷവും കുറഞ്ഞത് 10,000 ഹെക്ടർ വീതം സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി ചെയ്യുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2023 ഒക്‌ടോബർ 26 ന് സർക്കാർ ഈ മിഷനുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഔദ്യോഗികമായി പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമുകളിൽ കുറഞ്ഞത് 10% സ്ഥലമെങ്കിലും ജൈവകൃഷിക്കായി നീക്കിവെക്കും. ജൈവകൃഷി പദ്ധതികളുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾ/ഫാമുകൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഈ സംവിധാനം പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് മിഷന്റെ മറ്റൊരു ദൗത്യം.

ജൈവ കാർഷിക മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ലക്ഷ്യം കൈവരിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

2010ൽ കേരള സർക്കാർ ജൈവകൃഷി നയം പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സ്ഥാപനവൽകൃത സംവിധാനം വാഗ്ദാനം ചെയ്തിരുന്നു.

കേരളത്തിൽ നിന്നുള്ള ജൈവ കാർഷിക ഉൽപന്നങ്ങളുടെ സർട്ടിഫിക്കേഷൻ, ബ്രാൻഡിംഗ്, വിപണനം എന്നിവയ്ക്കുള്ള സംവിധാനം വിപുലീകരിക്കാൻ ഈ മിഷൻ നടപടി സ്വീകരിക്കും. വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ അന്തർദേശീയ തലങ്ങളിൽ നിലവിലുള്ള പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുന്ന ഒരു ജൈവ കൃഷി പ്രോട്ടോക്കോൾ നടപ്പിലാക്കും.മാത്രമല്ല ജൈവ ഉൽപന്നങ്ങളുടെ മൂല്യവർദ്ധനയിലും മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും.

കർഷകർക്ക് നല്ല ഗുണമേന്മയുള്ള വിത്തുകളും ഉൽപ്പാദന ഉപകരണങ്ങളും/സാമഗ്രികളും ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് മിഷന്റെ മറ്റൊരു ദൗത്യം. ചെറുകിട യൂണിറ്റുകൾ, കൃഷിക്കൂട്ടം കൂട്ടായ്‌മകൾ, കാർഷിക കർമ്മ സേന, കുടുംബശ്രീ, കൃഷിശ്രീ സെന്റർ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ വഴിയാകും ഇത് ഉറപ്പാക്കുക.

കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കൃഷി കൂട്ടായ്‌മകളുമായും കർഷക ഉൽപാദക സംഘടനകളുമായും (എഫ്‌പിഒ) സഹകരിച്ച് ജൈവകൃഷി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും മിഷൻ മുൻകൈയെടുക്കും.

കൃഷിമന്ത്രി അധ്യക്ഷനായ ഒരു ഗവേണിംഗ് കൗൺസിലും സർക്കാർ വകുപ്പുകളുടെയും കാർഷിക മേഖലയിലെ സ്ഥാപനങ്ങളുടെയും തലവൻമാരിൽ നിന്നുള്ള അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും മിഷന്റെ കാര്യങ്ങൾ നിയന്ത്രിക്കും.അതെസമയം 2023 സെപ്തംബറിൽ കേരള സർക്കാർ തിനയുടെയും പച്ചക്കറികളുടെയും ഉത്പാദനം വർധിപ്പിക്കുന്നതിനായി പോഷക സമൃദ്ധി മിഷൻ രൂപീകരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.

 

kerala organic agriculture mission organic agriculture agriculture