തിരുവനന്തപുരം : ഓണത്തിന് പരസ്യപ്പെടുത്തിയ സ്പെഷ്യൽ ഓഫർ നൽകാൻ വിസമ്മതിച്ച വ്യാപാര സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. നഷ്ട്ട പരിഹാരമായി 25,000 രൂപയും സമ്മാനങ്ങളുടെ വിലയായി 14,500 രൂപയും കോടതി ചെലവായി 2,500 രൂപയും നൽകാനാണ് ഉത്തരവ്.
ഉപഭോക്താവിന് ന്യായമായ സേവനം നൽകുന്നതിൽ കടയുടമ വീഴ്ച വരുത്തിയെന്നു തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി.ജയരാജൻ, അംഗങ്ങളായ പ്രീത ജി. നായർ, വി.ആർ.വിജു എന്നിവർ ഉത്തരവിൽ വ്യക്തമാക്കി.
പരസ്യത്തിലെ ഓണം ഓഫർ കണ്ട് വ്യാപാര സ്ഥാപനത്തിലെത്തിയ ഉപഭോക്താവായ ഊക്കോട് സ്വദേശി ശിവപ്രദാസിന്റെ പരാതി കണക്കിലെടുത്താണ് വിധി. ഓണക്കാലത്ത് കൈതമുക്കിലെ ഹോം അപ്ലൈൻസ് ഷോപ്പിൽ നിന്ന് ശിവപ്രസാദ് 29,500 രൂപയ്ക്ക് 43 ഇഞ്ച് ടിവി വാങ്ങിയിരുന്നു.
ഒപ്പം സൗണ്ട് ബാർ, ഇൻഡെക്ഷൻ കുക്കർ, സ്റ്റെബിലൈസർ എന്നിവ സൗജന്യമായി നൽകുമെന്നായിരുന്നു പരസ്യം. എന്നാൽ, ടിവി വാങ്ങിയപ്പോൾ ഓഫർ അനുസരിച്ചുള്ള സൗജന്യങ്ങൾ വ്യാപാര സ്ഥാപനം നൽകിയില്ല.ഇതോടെയാണ് ശിവപ്രദാസ് പരാതി നൽകിയത്.