തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ സംഘങ്ങളുടെ തട്ടിപ്പിനിരയായി 5 പേര്‍ക്കു 65 ലക്ഷം രൂപ നഷ്ടമായി. സ്റ്റോക്ക് ട്രേഡിങ് വഴി വന്‍ തുക വാഗ്ദാനം ചെയ്ത് ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനില്‍ നിന്ന് മാത്രം 59 ലക്ഷം രൂപ സംഘം തട്ടിയെടുത്തു. ചെറിയ തുക നിക്ഷേപിച്ച് കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സ്റ്റോക്ക് ട്രേഡിങ് ഐഡിയ നല്‍കാമെന്നു പറഞ്ഞു ഫോണില്‍ നിരന്തരം ബന്ധപ്പെട്ടാണ് നിക്ഷേപകനെ കുടുക്കിയത്. ചെറിയ തുക മുടക്കിയാല്‍ വന്‍ ലാഭം കൊയ്യാമെന്ന് വിശസിപ്പിച്ചു. ഇത് വിശ്വസിച്ച് നിക്ഷേപകന്‍ 32500 രൂപ ആദ്യം അയച്ചു നല്‍കി. അക്കൗണ്ടില്‍ ലാഭം വന്നു തുടങ്ങിയതോടെ ആവേശമായി.
പല അക്കൗണ്ടുകളിലേക്കായി 54,64,297 രൂപ അയച്ചു കൊടുത്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പണം എത്താതായതോടെ നിക്ഷേപകന്‍ തട്ടിപ്പ് തിരിച്ചറിയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഓണ്‍ലൈന്‍ ജോലി വഴി ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനത്തില്‍ വീണ യുവാവിന് നഷ്ടമായത് 1,07,000 രൂപയാണ്. ഓണ്‍ ലൈന്‍ വഴി ടാസ്‌കുകള്‍ നല്‍കിയും ചെറിയ തുക ലാഭമായി നല്‍കിയും വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. കൂടുതല്‍ തുക ലാഭമായി കിട്ടുമെന്നു വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സമാനമായ തട്ടിപ്പില്‍ തിരുമല സ്വദേശിയായ 24കാരന് 1.25 ലക്ഷം രൂപയും നഷ്ടമായി.
ഓണ്‍ലൈന്‍ ജോലിയുടെ പരസ്യം കണ്ട് പണം നിക്ഷേപിച്ച മണക്കാട് സ്വദേശിക്ക് 41,000 രൂപയാണ് നഷ്ടമായത്. ടെലിഗ്രാം ഗ്രൂപ്പ് വഴി തട്ടിപ്പുസംഘം അയച്ചു നല്‍കുന്ന ലിങ്കുകള്‍ വഴിയ വെബ് സൈറ്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ പണം വന്നു തുടങ്ങും. കൂടുതല്‍ പ്രതിഫലം കിട്ടാന്‍ ക്രിപ്‌റ്റോ ട്രേഡിങ്ങില്‍ പണം നിക്ഷേപി ക്കാന്‍ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രേരിപ്പിക്കുകയും അവര്‍ക്ക് നാലിരട്ടി പണം അക്കൗണ്ടില്‍ വന്നതായി വ്യാജ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് പലരും പണം നിക്ഷേപിക്കുന്നത്.
എസ്ബിഐ ബാങ്കിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി 2.18 ലക്ഷം രൂപ തട്ടിയെടുത്തതാണ് മറ്റൊരു സംഭവം. പട്ടം സ്വദേശിയായ 65കാരനാണു പണം നഷ്ടമായത്.ബാങ്കില്‍ നിന്നാണെന്നു പറഞ്ഞു വിളിച്ചയാള്‍ പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.