കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. ചികിത്സയിലിരുന്ന മലയാറ്റൂര്‍ സ്വദേശിനി റീന പ്രദീപ(46)നാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. റീനയുടെ മകള്‍ 12 വയസുകാരി ലിബിന നേരത്തെ മരിച്ചിരുന്നു. റീനയുടെ രണ്ട് ആണ്‍മക്കള്‍ ചികിത്സയിലാണ്.
അതിനിടെ, കളമശ്ശേരി സ്‌ഫോടനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു.
ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയത്. ശേഷം മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.
ഒക്ടോബര്‍ 29-ന് രാവിലെയാണ് സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കവെ സ്‌ഫോടനമുണ്ടായത്. അഞ്ചു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ രണ്ടായിരത്തിലധികം ആളുകളുണ്ടായിരുന്നു.