പുരി (ഒഡീഷ): ഒഡിഷയിലെ ഭൂവനേശ്വറിലുള്ള പുരി ജഗന്നാഥ ക്ഷേത്രം മുഖം മിനുക്കി നിൽക്കുകയാണ്. 800 കോടി രൂപ ചെലവാക്കി നവീകരിച്ച ക്ഷേത്രം കാണാനും വിഷ്ണുവിനെ വണങ്ങാനും ഇവിടേയ്ക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്.
ഇന്ത്യയിലെ പ്രധാന വൈഷ്ണവക്ഷേത്രമായ പുരിയിൽ വിഷ്ണുവാണ് ആരാധനാമൂർത്തി.നവീകരണം പൂർത്തിയായതുമായി ബന്ധപ്പെട്ട ചടങ്ങ് മുഖ്യമന്ത്രി നവീൻ പട്നായിക് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. കിഴക്കൻ ഗംഗ രാജവംശത്തിൽപ്പെട്ട അനന്തവർമ്മൻ ചോഡഗംഗ 10ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം ഇപ്പോൾ അഞ്ച് വർഷം നീണ്ട നവീകരണപ്രക്രിയയ്‌ക്ക് ശേഷമാണ് ജനവരി 17ന് തുറന്നുകൊടുക്കുന്നത്.
ക്ഷേത്രത്തിനു 75 മീറ്റർ ചുറ്റളവിലുള്ള കച്ചവടക്കാരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതിന് ശേഷം 2019-ലാണ് നവീകരണം ആരംഭിച്ചത്.680 കുടുംബങ്ങളേയും നാനൂറിലേറെ കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇപ്പോൾ വീതിയേറിയ ക്ഷേത്ര വീഥിയിൽ നിന്നും ആയിരങ്ങൾക്ക് തൊഴാം. വർഷം തോറും ലക്ഷങ്ങൾ വന്നു തൊഴുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമി അഞ്ചേക്കറിൽ നിന്നും 26 ഏക്കറാക്കി ഉയർത്തി.മുൻപ് 5 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
കലിംഗ വാസ്തുവിദ്യ പ്രകാരമാണ് ക്ഷേത്ര പരിസരം മോടിപിടിപ്പിച്ചത്. വലംവയ്ക്കാൻ വിശാലമായ നടപ്പാത, ക്ഷേത്രമതിലിനോട് ചേർന്നും മുറ്റത്തും ഉദ്യാനം, ആധുനിക രീതിയിലുള്ള ശൗചാലയങ്ങൾ എന്നിവ നിർമിച്ചിട്ടുണ്ട്. വൈഷ്ണവഭക്തരായ രാമാനുജചാര്യ, മാധവാചാര്യ, രാമാനന്ദ തുടങ്ങിയവരെല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ്.
ഇന്ത്യയിലെ നാല് ശങ്കരാചാര്യന്മാരിൽ ഒരാളായ പുരിശങ്കാരാചാര്യരുടെ ആസ്ഥാനമായ മഠം ഈ പുരി ജഗന്നാഥക്ഷേത്രത്തിലാണ്. ആദി ശങ്കരാചാര്യരാണ് ഇവിടെ ഗോവർധൻ മഠം എന്ന പേരുള്ള മഠം സ്ഥാപിച്ചത്. ഭുവനേശ്വർ ഗൗഡ്യ വൈഷ്ണവ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ചൈതന്യ മഹാപ്രഭു പുരിയിലെ ജഗന്നാഥക്ഷേത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു. അതിന് ശേഷം അദ്ദേഹം പുരിയിലാണ് ശിഷ്ടകാലം ചെലവഴിച്ചത്.
രഥയാത്രയ്ക്ക് പ്രത്യേക പാത, സർവീസ് ലെയിൻ, 3000 കാറുകൾക്ക് പാർക്കിങ് സൗകര്യമുള്ള മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം, തീർഥാടകർക്ക് ആധുനിക വിശ്രമ കേന്ദ്രം എന്നിവയും നിർമിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസ്, മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പുതിയ റോഡുകളും പദ്ധതിയുടെ ഭാഗമാണ്. പുരി രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.