ന്യൂഡൽഹി: ബാബരി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നു നൽകിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. അത് കോൺഗ്രസാണെന്നും ബി.ജെ.പി നിയോഗിച്ച അരുൺ നെഹ്റുവാണ് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.നരസിംഹ റാവുവിന് പകരം രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ മസ്ജിദ് ഇപ്പോഴും ഉണ്ടാകുമായിരുന്നുവെന്നും മണി ശങ്കർ അഭിപ്രായപ്പെട്ടു.
അതെസമയം ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. 'ദ രാജീവ് ഐ ന്യൂ ആൻഡ് വൈ ഹി വാസ് ഇന്ത്യാസ് മോസ്റ്റ് മിസ്അണ്ടർസ്റ്റുഡ് പ്രൈംമിനിസ്റ്റർ' എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി പറഞ്ഞത് മസ്ജിദ് നിലനിർത്ത് ക്ഷേത്രം പണിയൂ എന്നതായിരുന്നു.വർഷങ്ങൾക്ക് ശേഷം സുപ്രീം കോടതി എത്തിയ നിലപാടിലേക്ക് രാജീവ് ഗാന്ധി അന്നേ എത്തിയിരുന്നു. എൻ.ഡി.എ പരാജയപ്പെട്ട ശേഷം 10 വർഷം കോൺഗ്രസ് ഭരണമായിരുന്നു. അതിന്റെ അവസാനത്തിൽ കാര്യങ്ങൾ വളരെ മോശമായിരുന്നെന്നും തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതിന്റെ ഫലമായാണ് ആ ശൂന്യതയിലേക്ക് മോദിയുടെ ബി.ജെ.പി വന്നതെന്നും അദ്ദേഹം പറഞ്ഞു.
1986ൽ ലോക്സഭയിൽ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലിംകളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല. തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത് അരുൺ നെഹ്റുവാണ്. ലഖ്‌നോവിൽ പഠിച്ചയാളായതിനാൽ അവിടുത്തെ പ്രാദേശിക പ്രശ്നം മാത്രമായിരുന്ന അത് അരുൺ നെഹ്റുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്നും മണി ശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് അരുൺ നെഹ്‌റു വീർ ബഹാദൂർ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്.വീർ ബഹാദൂർ സിങ് ആദ്യം ചെയ്തത് അയോധ്യയിൽ പോയി വി.എച്ച്. പി നേതാവ് ദേവകി നന്ദൻ അഗർവാളിനെ കാണുകയായിരുന്നു. അഗർവാൾ നൽകിയ നിവേദനത്തിന്റെ പേരിലാണ് പൂട്ടു തുറന്നത്.
1986 ഫെബ്രുവരി 1 ന് ഫൈസാബാദിലെ ജില്ലാ സെഷൻസ് ജഡ്ജിയുടെ മുമ്പാകെ വിഷയം വന്നപ്പോൾ പൂട്ടുകൾ ആവശ്യമില്ലെന്ന് ജില്ലാ മജിസ്ട്രേറ്റും സീനിയർ പൊലീസ് സൂപ്രണ്ടും സ്ഥിരീകരിച്ചു. പൂട്ട് തുറന്നപ്പോൾ മനപൂർവം തടിച്ചുകൂടിയ ഹിന്ദു സന്യാസികൾ അകത്തേക്ക് കയറി.
രാജീവ് ഗാന്ധിക്ക് അതൊന്നും അറിയില്ലായിരുന്നു.രാജീവ് ഗാന്ധി അറിഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ഇതെല്ലാം അദ്ദേഹത്തിൽനിന്നും മറച്ചുവച്ചെന്നും അയ്യർ അവകാശപ്പെട്ടു. കോളമിസ്റ്റും ജനതാദൽ നേതാവുമായിരുന്നു അരുൺ നെഹ്‌റു. കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് എം.പിയായ അദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.