ന്യൂഡല്‍ഹി: ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതാണ് നല്ലത്. ഇതിലൂടെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത് എല്ലാവരും ഒരുമിച്ചാണെന്ന് ഉറപ്പ് വരുത്തും.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും എതിരാണ്. സി.പി. എം ഉള്‍പ്പെടെയുള്ള എല്ലാ ഇടത്പാര്‍ട്ടികളും കേരളത്തില്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടുമ്പോഴും ദേശീയ തലത്തില്‍ ഒരുമിച്ചു നില്‍ക്കുന്നത് പോലെ എ.എ.പിയും സഖ്യത്തിനുള്ളില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനും പോരാടാനും പഠിക്കണം. ഖാര്‍ഗെ വ്യക്തമാക്കി.
നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് ഖാര്‍ഗെ
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്ത്യ സഖ്യം ഏറെ നിര്‍ണ്ണായകമാണെന്ന് നിതീഷ് കുമാറിനെ ബോദ്ധ്യപ്പെടുത്തിയതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി ഖാര്‍ഗെ അറിയിച്ചു. നിലവില്‍ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് സജീവമാകും. ഖാര്‍ഗെ നിതീഷ് കുമാറിനെ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഖാര്‍ഗെ നിതീഷിനെ ഫോണില്‍ വിളിച്ചത്.