തിരുവനന്തപുരം: നവകേരള സദസ്സ് എന്ന ആശയം ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനങ്ങളുടെ ഇടപെടലാണിത്. കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട് ഇപ്പോള്‍ എത്തിനില്‍ക്കുന്ന നില്‍ക്കുന്ന നില, ഇനി മുന്നോട്ടു പോകുന്നതിന് സ്വീകരിക്കുന്ന പദ്ധതികള്‍, കേരളത്തെ മുന്നോട്ടുപോകാന്‍ അനുവദിക്കാത്ത തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ എന്നിവ ജനസമക്ഷം അവതരിപ്പിക്കലായിരുന്നു ലക്ഷ്യം. നാട് ഒന്നാകെയാണ് ഒപ്പം സഞ്ചരിക്കുന്നത്. ആ ജനങ്ങള്‍ ഈ നാടിനെ പുറകോട്ട് കൊണ്ടുപോകുന്ന ഒന്നിനോടും സമരസപ്പെടുകയില്ലെന്ന് തന്നെയാണ് പറയുന്നത്.
2016 ന് ശേഷം നാട് നല്ല പുരോഗതിയാണ് നേടിയത്. തകര്‍ന്നുപോയ കേരളത്തെ പുനരുദ്ധരിക്കാനുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഒരുപാട് വെല്ലുവിളികള്‍ ഈ കാലഘട്ടത്തില്‍ നേരിടേണ്ടിവന്നു. നമ്മുടെ നേട്ടങ്ങള്‍ നോക്കിയാല്‍ ഒരു സാമ്പത്തിക പ്രയാസവും അനുഭവിക്കേണ്ടവരല്ല നമ്മള്‍.
ആഭ്യന്തര വളര്‍ച്ചാനിരക്ക് പരിശോധിച്ചാല്‍ 8% വര്‍ദ്ധനവ് നേടാന്‍ കഴിഞ്ഞതായി കാണാം. തനത് വരുമാനത്തില്‍ 41 ശതമാനം വര്‍ദ്ധനവാണ് കൈവരിച്ചത്. പ്രതിശീര്‍ഷ വരുമാനം നല്ല രീതിയില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഓരോ രംഗവുമെടുത്താല്‍ അഭിമാനകരമായ പുരോഗതിയാണ് സംസ്ഥാനത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞത്. 2025 നവംബര്‍ ഒന്നോടു കൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഇപ്പോള്‍ അസാധാരണമായ സാമ്പത്തിക പ്രയാസമാണ് നാം നേരിടുന്നത്. മൊത്തം വരുമാനത്തിന്റെ ഒരു ഘടകം മാത്രമാണ് സംസ്ഥാനമുണ്ടാക്കുന്നത്. മറ്റു ഘടകങ്ങളില്‍ ഏറ്റവും പ്രധാനം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വിഹിതമാണ്. റവന്യു കമ്മി ഗ്രാന്റിന്റെ കാര്യത്തില്‍ വലിയ കുറവാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു കോടിയില്‍പരം രൂപയാണ് കേരളത്തിന് കിട്ടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, പട്ടിക ജാതി പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.